കൃഷ്ണ ജന്മഭൂമിയിലെ പള്ളി നീക്കം ചെയ്യണം എന്ന ഹര്‍ജി കോടതി സ്വീകരിച്ചു

ബാബറി മസ്ജിദിനു ശേഷം വിവാദമായി ഒരു മസ്ജിദ് കൂടി. ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമിയില്‍ അവകാശം ഉന്നയിച്ചുള്ള ഹര്‍ജി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് നില്‍ക്കുന്നതെന്നു കാട്ടി ശ്രീകൃഷ്ണ വിരാജ്മാന്‍ ആണ് കോടതിയെ സമീപച്ചത്.   നേരത്തെ മഥുര സിവില്‍ കോടതി ഹര്‍ജി തള്ളിയിരുന്നു.

സിവില്‍ കോടതി നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി സാധന റാണി താക്കൂര്‍ നേരത്തെ വാദം കേട്ട ശേഷമാണ് ഫയലില്‍ സ്വീകരിച്ചത്. മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് ഔറംഗസീബാണെന്നും പിന്നീട് ദേവന്റെ ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്നാണ് ഹര്‍ജിയില്‍ അവകാശപ്പെടുന്നത്.

ഷാഹി ഈദ്ഗാഹ് സംബന്ധിച്ച കേസ് വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്. നിലവിലെ നിര്‍മ്മിതികളില്‍ മാറ്റം വരുത്തരുതെന്ന് 1973ല്‍ മഥുര സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം പള്ളി നീക്കം ചെയ്യണമെന്ന ഹര്‍ജിയ്ക്കെതിരെ മഥുരയിലെ പുരോഹിത സംഘം രംഗത്തെത്തിയിരിന്നു. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നുതായി അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ കുറ്റപ്പെടുത്തി.