ലവ് ജിഹാദ് ആരോപണം ; ലക്ഷ്മി ബോംബ് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘ലക്ഷ്മി ബോംബ്’ എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികള്‍ രംഗത്ത് . ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നതിനായാണ് ചിത്രത്തിന് ഇത്തരമൊരു പേര് നല്‍കിയതെന്നും ഇവര്‍ പറയുന്നു. ദീപാവലിക്ക് മുന്‍പായി നവംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടു.
ഭാരതത്തിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ദേവതയായ ലക്ഷ്മി ദേവിയെ അപകീര്‍ത്തിപ്പെടുത്തിയ ഈ ചിത്രത്തിന്റെ പേരിനോടാണ് തങ്ങളുടെ ആദ്യ എതിര്‍പ്പെന്നും ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കി. ഒപ്പം ദേവി സങ്കല്പങ്ങളെ അപമാനിക്കുന്ന രംഗങ്ങളും അതില്‍ ഉണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും സമിതിയുടെ ദേശീയ കണ്‍വീനര്‍ രമേശ് ഷിന്‍ഡെ പറഞ്ഞു. ലവ് ജിഹാദിനെ ഉയര്‍ത്തിക്കാട്ടുക എന്നാ ലക്ഷ്യവും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലുണ്ട് എന്നും സമിതി ആരോപിച്ചു. ‘ ചിത്രത്തിലെ നായകന്റെ പേര് ‘ആസിഫ്’, നായികയുടെ പേര് ‘പ്രിയ യാദവ്’ . മുസ്ലീം യുവാക്കളും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം പ്രദര്‍ശിപ്പിച്ച് ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണീത്. ചലച്ചിത്രകാരന്‍ ഷബീന ഖാനും എഴുത്തുകാരന്‍ ഫര്‍ഹാദ് സമാജിയുമാണ് ചിത്രത്തിനു പിന്നില്‍ . സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിരോധിക്കണം, ‘ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രം മുസ്ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു, എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ഉടന്‍ തന്നെ സിനിമ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തു. ഹിന്ദു ദേവതകളെ അപമാനിക്കുന്ന ‘ലക്ഷ്മി ബോംബ്’ എന്ന സിനിമയെ നിരോധിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം- ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഘവാ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ സിനിമ നേരിട്ട് ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യും. രാഘവാ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. വിഷയത്തില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ പ്രതികരിച്ചിട്ടില്ല.