ഇന്ത്യ യുദ്ധത്തിന് തയാര്‍’ ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമിത് ഷാ
ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ചൈനീസ് സൈന്യത്തോട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യപ്രതികരണമാണിത്. ഇന്ത്യയുടേതായ ”ഒരിഞ്ച്” സ്ഥലം പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
”എല്ലാ രാജ്യങ്ങളും ഒരു യുദ്ധത്തിന് എപ്പോഴും തയ്യാറാണ്. സൈന്യങ്ങളെ പരിപാലിക്കുന്നതു തന്നെ ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാണ്. ആരുടെയെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമര്‍ശിച്ചല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഒരു യുദ്ധത്തിന് ഇന്ത്യന്‍ സേന എപ്പോഴും തയാറാണ്” – അമിത് ഷാ പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളിലെയും സൈനികര്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും ആശയവിനിമയ നയതന്ത്ര മാര്‍ഗങ്ങള്‍ തുറന്നിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ”രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്ന ഇക്കാര്യത്തില്‍ ഞാന്‍ പറയന്ന അഭിപ്രായം പ്രസക്തമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കും. ഞങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്. ഞങ്ങളുടെ ഒരിഞ്ച് സ്ഥലം പോലും തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല”- അദ്ദേഹം പറഞ്ഞു.
ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ ഒക്ടോബര്‍ 13 ന് ഏഴാം വട്ട ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചൈനീസ് പ്രസിഡന്റെ അടുത്ത കാലത്ത് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ശത്രുത വര്‍ധിപ്പിച്ചു. യുദ്ധത്തിന് തയാറെടുക്കാന്‍ ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ചിന്‍പിങ് ആഹ്വാനം ചെയ്തതും ഇരുരാജ്യങ്ങളെയും കൂടുതല്‍ അകറ്റി.