നവംബര്‍ മുതല്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കാന്‍ ഒടിപി നിര്‍ബന്ധം
നവംബര്‍ ഒന്നുമുതല്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കാന്‍ ഒ.ടി.പി നിര്‍ബന്ധം. പുതുക്കിയ നിയമം അനുസരിച്ച് വീട്ടിലെത്തുന്ന എല്‍പിജി വിതരണക്കാരന് ഒടിപി നല്‍കിയാലെ സിലിണ്ടര്‍ ലഭിക്കൂ. ഗ്യാസ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലാണ് ഒ.ടി.പി ലഭിക്കുന്നത്. ഇത് വിതരണത്തിനെത്തുന്ന ജീവനക്കാരന് കൈമാറിയാലെ പുതിയ സിലിണ്ടര്‍ ലഭിക്കൂ. ഡെവിറി ഓതന്റിക്കേഷന്‍ കോഡ്(ഡിഎസി) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികള്‍. തട്ടിപ്പ് ഒഴിവാക്കാനും ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഉപഭോക്താവിന്റെ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ എത്തിയിട്ടുണ്ടാകും. ഒടിപി നല്‍കിയാലെ വിതരണ പ്രക്രിയ പൂര്‍ത്തിയാകൂ. മൊബൈല്‍ നമ്പറില്‍ മാറ്റമുണ്ടെങ്കില്‍ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ഇനിമുതല്‍ സിലിണ്ടര്‍ ലഭ്യമാകില്ല. ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള വിലാസം താമസ സ്ഥലത്തില്‍നിന്ന് വ്യത്യാസമുണ്ടെങ്കില്‍ അതും പുതുക്കി നല്‍കണം.
100 നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ജയ്പൂരില്‍ പദ്ധതിക്ക് തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല. വീട്ടാവശ്യത്തിനുള്ള പാചക വാതക ഉപയോഗത്തില്‍ 2030ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ആവശ്യകതയില്‍ 3.3 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഈ വളര്‍ച്ച സ്ഥിരതയാര്‍ജിച്ചതിനാല്‍ 2030ല്‍ ഉപഭോഗം 34 ദശലക്ഷം ടണ്ണിലെത്തും.