ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐ.സി.യുവിലാണ് എം.ശിവശങ്കര്‍ തുടരുന്നത്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തുവിടുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്റെ തുടര്‍ നടപടികളില്‍ നിര്‍ണ്ണായകമാകും. മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലറിഞ്ഞ ശേഷമേ കസ്റ്റംസ് തുടര്‍ നടപടി ആലോചിക്കൂ. കസ്റ്റംസ് അന്വേഷണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ നാളെ കോടതിയെ സമീപിച്ചേക്കും.
ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും നട്ടെല്ലിന് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസിന്റെ കൂടി ആവശ്യപ്രകാരം എം.ശിവശങ്കറിനെ ഇന്നലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് ഉച്ചയ്ക്ക് മുന്‍പ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. വിദഗ്ധ പരിശോധനക്ക് ചികിത്സ ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തേക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് നല്‍കിയാലും ശിവശങ്കറിനോട് വിശ്രമം നിര്‍ദ്ദേശിക്കാനുള്ള സാധ്യതയുണ്ട്.
അങ്ങനെയെങ്കില്‍ ചോദ്യംചെയ്യലോ അറസ്റ്റോ ഉള്‍പ്പെടെയുള്ള നടപടികള്‍ കസ്റ്റംസ് കുറച്ച് ദിവസത്തേക്ക് ഒഴിവാക്കും. മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന ശേഷമായിരിക്കും കസ്റ്റംസ് അന്തിമ തീരുമാനം എടുക്കുക. സ്വര്‍ണകടത്തിന് പുറമേ വിദേശ കറന്‍സി കടത്താന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കര്‍ കസ്റ്റംസ് അന്വേഷണം നേരിടുന്നത്. അതിനിടെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിന് വേണ്ടി ഒപ്പമുള്ളവര്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
അതേസമയം കലശലായ നടുവേദനയുണ്ടെന്നാണ് ശിവശങ്കര്‍ പറയുന്നതെങ്കിലും ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശിവശങ്കറിന്റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെ തന്നെ രൂപീകരിച്ചിട്ടുണ്ട്. അതില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉണ്ട്.