കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ സഹോദരന് ബി.ജെ.പിയില്‍
പാര്‍ട്ടി വിട്ട് പാര്‍ട്ടി മാറല്‍ സര്‍വ്വ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. കൂത്തുപറമ്പ് വെടിവെപ്പിലെ ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പന്റെ സഹോദരന് ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതാണ് ഏറ്റവും പുതിയ കൂറുമാറ്റം. കണ്ണൂര്‍ ചൊക്ലി മേനപ്രം സ്വദേശി പുതുക്കുടി ശശിയാണ് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. തലശേരി ബി.ജെ.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി പ്രകാശ് ബാബു ശശിക്ക് അംഗത്വം നല്കി. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് ശശി പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് സി.പി.എം വിട്ടെത്തുന്നുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി.
1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെ സ്വാശ്രയ സമരത്തിന്റെ ഭാഗമായി തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു. പുഷ്പന്, മാങ്ങാട്ടിടം മങ്ങാട് സജീവന്, കൂത്തുപറമ്പ് ചാലില്‍ സജീവന്, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു. അതേസമയം പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ രക്തസാക്ഷി കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ ബി.ജെ.പിയില്‍ ചേക്കേറിയത് സി.പി.എമ്മിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.