514 കോടിയിലധികം രൂപ തീര്‍ത്ഥാടകരുടെ അക്കൗണ്ടില്‍ തിരിച്ചെത്തിച്ചു
കഴിഞ്ഞ മൂന്നു വര്‍ഷമായി തീര്‍ത്ഥാടകര്‍ക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തില്‍ ഇത് ആദ്യത്തെ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് 2021 അവലോകനയോഗത്തില്‍ കേന്ദ്രമന്ത്രി ശ്രീ മുക്താര്‍ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു. ഹജ്ജ് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയതോടെ കഴിഞ്ഞ വര്‍ഷത്തെ 1,23,000 അപേക്ഷകര്‍ക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് തിരികെ നല്‍കി. സൗദി അറേബ്യ ഗവണ്‍മെന്റ് ഗതാഗത ഇനത്തില്‍ നല്‍കാനുള്ള 100 കോടി രൂപയും തിരികെ നല്‍കിയെന്നും മന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂണ്‍, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എങ്കിലും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സൗദി അറേബ്യ ഗവണ്‍മെന്റിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യ ഗവണ്‍മെന്റിന്റെ തീരുമാനത്തിന് ശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു.