ജോസ് കെ. മാണിക്ക് തിരിച്ചടിയായി ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍

വീണ്ടും ബാര്‍ കോഴ ആരോപണം ഉയര്‍ത്തി കൊണ്ടുവന്ന ബിജു രമേശിന്റെ പുതിയ വെളുപ്പെടുത്തലുകള്‍ എല്‍ ഡി എഫിനും ജോസ് കെ. മാണിക്കും തിരിച്ചടിയാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് ബിജു രമേശിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച എല്‍.ഡി.എഫിനേയും പുതിയ നീക്കം വെട്ടിലാക്കി. ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് ജോസ് കെ. മാണിയും കൂട്ടരും ആവര്‍ത്തിക്കുമ്പോഴാണ് ബിജു രമേശിന്റെ പുതിയ നീക്കം, ബാര്‍ കോഴ ആരോപണത്തില്‍ നിന്നും പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്ത് അന്നേ ശ്രമിച്ചുവെന്ന ബിജു രമേശിന്റെ ആരോപണം ജോസ് കെ. മാണിയും കൂട്ടരും ഇതുവരെ ഉന്നയിച്ച വാദങ്ങളെ ദുര്‍ബലപെടുത്തുന്നതാണ്. കെ.എം മാണിയ്‌ക്കെതിരായ ബാര്‍ കോഴ കേസ് ഉയര്‍ത്തി കൊണ്ടുവന്നതും ബിജു രമേശായിരുന്നു.

അന്ന് ബിജു രമേശിന്റെ വാക്കുകളെ ആയുധമാക്കിയായിരന്നു എല്‍.ഡി.എഫിന്റെ സമര പരമ്പരകള്‍. അതിനാല്‍ തന്നെ ഇപ്പോള്‍ തങ്ങളുടെ പാളയത്തിലുള്ള ജോസ് കെ. മാണിക്കായി ബിജു രമേശിനെ പൂര്‍ണമായി തള്ളാന്‍ എല്‍.ഡി.എഫിനും കഴിയില്ല. ആരോപണത്തില്‍ ഉറച്ച് നില്‍ക്കാന്‍ സി.പി.എം നേതാക്കള്‍ അന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജു രമേശ് ഇപ്പോള്‍ പറയുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ കെ.എം മാണിയെ പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് പറഞ്ഞായിരിക്കും എല്‍.ഡി.എഫിന്റെ ഇനിയുള്ള പ്രതിരോധം. മറുപക്ഷത്ത് യു.ഡി.എഫ്. കെ.എം മാണിയെ മോശക്കാരനാക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെന്ന ആക്ഷേപത്തെ പ്രതിരോധിക്കാന്‍ താല്‍കാലികമായെങ്കിലും ലഭിച്ച ആയുധമായി ബിജു രമേശിന്റെ വാക്കുകളെ ഉപയോഗിക്കും.