കോവിഡ് വ്യാപനം സമരക്കാരുടെ തലയില്‍ കൊണ്ടിട്ട് കൈ കഴുകി മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായത് ഓണത്തിരക്കല്ലെന്നും അരാജക ആള്‍ക്കൂട്ട സമരമാണെന്നും ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാറിന്റെ വീഴ്ചകളെ സമരക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു മുഖ്യന്‍ കൈ കഴുകിയത് .

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്. മരണനിരക്ക് കുറച്ച കേരളത്തിന്റെ കാര്യത്തില്‍ അഭിമാനിക്കുന്നതിന് പകരം പലരും അസ്വസ്ഥരാകുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അത്തരക്കാരാണ് മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ കേരളം അംഗീകരിക്കപ്പെട്ടത് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത് കൊണ്ടാണ്. അംഗീകാരങ്ങള്‍ തേടിയെത്തിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചതിന്റെ ഫലമായിട്ടാണെന്നും അതില്‍ അഭിമാനിക്കുന്നതിന് പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണസമയത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചെന്നാണ് പറയുന്നത്. ഇതും അടിസ്ഥാനരഹിതമായ കാര്യമാണ്. ഓണക്കാലത്ത് ചെറിയ ഇളവുകള്‍ മാത്രമാണ് അനുവദിച്ചത്. ഓണത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അനാവശ്യയാത്രകള്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അനാവശ്യമായ അരാജക സമരങ്ങളാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും എല്ലാം അടച്ചുപൂട്ടാനും കഴിയില്ലെന്നും കടുത്ത ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊറോണ വ്യാപനം തടയുന്നതില്‍ വീഴ്ച ഉണ്ടായി എന്ന് സര്‍ക്കാര്‍ മുന്‍പ് സമ്മതിച്ചത് വീണ്ടും തിരുത്തുന്ന സമീപനമാണ് മുഖ്യമന്ത്രി നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തെറ്റുകള്‍ എല്ലാം സമരക്കാരുടെ തലയില്‍ കെട്ടി വെക്കാന്‍ ആണ് സമരങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍ ശ്രമിച്ചത്.