എം. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനം ഉണ്ടായത്.
കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ ശിവശങ്കറിനെ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നായിരുന്നു ശിവശങ്കര്‍ പറഞ്ഞിരുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. വഞ്ചിയൂര്‍ ത്രിവേണി ആശുപത്രിയിലാണ് ശിവശങ്കര്‍ ചികിത്സ തേടിയത്.
അതേസമയം വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്സ്മെന്റ് കേസിലും ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദം കോടതി അംഗീകരിച്ചു. ഇതിന് പുറമെ താന്‍ ഏത് ഏജന്‍സിക്ക് മുന്നിലും ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ അറിയിച്ചു.
അതിനിടെ എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏതു പ്രധാനിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.