കളമശേരി മെഡി. കോളജിലെ നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല എന്ന് വനിത ഡോക്ടര്‍

കളമശേരി മെഡി. കോളജിലെ കോവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും രംഗത്തു. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല എന്നാണ് വനിത ഡോക്ടര്‍ പറയുന്നത് .സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ നേരത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ വിഷയമാണ് എന്നും പറയപ്പെടുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞ നിലയിലും വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‌സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികള്‍ക്കും പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നുവെന്നു ഡോ. നജ്മ പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കളമശ്ശേരി മെഡിക്കല്‍ കോളജ് രംഗത്തെത്തിയിരുന്നു. സത്യവിരുദ്ധമായ കാര്യങ്ങളാണ് നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ളത്. കോവിഡ് ചികിത്സ പ്രവര്‍ത്തനങ്ങളില്‍ നഴ്‌സിംഗ് ഓഫീസര്‍ ഏര്‍പ്പെട്ടിരുന്നില്ല. കീഴ്ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി തെറ്റായി പറഞ്ഞ കാര്യങ്ങളാണ് പ്രചരിച്ചതെന്ന് ഇവര്‍ രേഖാമൂലം വിശദീകരണം നല്‍കിയെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹാരിസിന്റെ രോഗാവസ്ഥയെയും മരിക്കാനുണ്ടായ കാരണത്തെപ്പറ്റിയും മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. രോഗിയെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞിരിക്കുന്നത് ശരിയല്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ട്യൂബ് മാറിക്കിടന്നതു കൊണ്ടാണെന്ന നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് വിവാദമായത്. ഹാരിസിന്റെ മരണത്തില്‍ കൊലപാതകക്കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയിലും ഉടന്‍ അന്വേഷണം ആരംഭിക്കും. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെ കുറിച്ചു ശരിയല്ലാത്ത കാര്യങ്ങള്‍ പര്‍വതീകരിച്ചു കാണിക്കുന്നുവെന്നായിരുന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗമായ ചില ആളുകള്‍ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വീഴ്ച ഉണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.