കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ശക്തി തെളിയിച്ചു ; ജാഗ്രത തുടരണമെന്ന് മോദി

രാജ്യത്ത് ലോക് ഡൌണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചു എങ്കിലും ജാഗ്രത തുടരണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലും രോഗികളുടെ എണ്ണം കുറവുമാണെന്ന് മോദി പറയുന്നു . മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യക്കായി. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ശക്തി തെളിയിച്ചെന്നും മോദി പറഞ്ഞു.

എന്നാല്‍ കോവിഡ് അവസാനിച്ചെന്ന് പറഞ്ഞ് നിസാരവത്കരിക്കാന്‍ കഴിയുന്ന സമയം ആയിട്ടില്ല. വാക്‌സിന്‍ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയില്‍ തുടരണം. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയിലും വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ചിലത് അതിന്റെ അവസാന ഘട്ടത്തിലാണ്. ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണം. ചെറിയ അശ്രദ്ധ നമ്മുടെ സന്തോഷം കെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് പ്രതിരോധ പ്രവത്തനം വളരെ ശക്തമാണ്. രാജ്യത്ത് 12,000 ക്വാറന്റെന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 90 ലക്ഷം ആരോഗ്യപ്രവര്‍ത്തര്‍ സേവന നിരതരായി രാജ്യത്തിനൊപ്പമുണ്ട്. കൂടാതെ, എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നവരാത്രി മഹോത്സവം ആരംഭിച്ചിരിയ്ക്കുകയാണ്, ഈ ഉത്സവ കാലം സന്തോഷത്തോടെയിരിക്കേണ്ട സമയമാണ്. ഉത്സവകാലത്ത് ജനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടാകരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒപ്പം എല്ലാവര്‍ക്കും നവരാത്രി, ഈദ്, ദീപാവലി ഛട്ട് പൂജ ആശംസകള്‍ അദ്ദേഹം എല്ലാ ഭാരതീയര്‍ക്കും നേര്‍ന്നു.