വധുവിനെ തേടി വിവാഹ പരസ്യം ; പക്ഷെ വരന്റെ യോഗ്യതയില്‍ ഒരക്ഷരം മാറി ആകെ നാണക്കേടായി
നോയിഡയില്‍ നിന്നുള്ള യുവാവിന്റെ വിവാഹ പരസ്യമാണു സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി എഡിഷനില്‍ വന്ന പരസ്യം ശാരദ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കുവെച്ചിരിക്കുന്നത്. വെളുത്ത് തുടുത്ത് സുന്ദരിയായ വധുവിനെ അന്വേഷിച്ചു കൊണ്ടുള്ള വിവാഹ പരസ്യത്തില്‍ വരന്റെ യോഗ്യത വിവരിക്കുന്ന ഒരു വാക്കില്‍ അക്ഷരം ഒന്നു മാറിപ്പോയതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
വ്യവസായിയും സമ്പന്നനുമായ യുവാവ് (Industrialist affluent) എന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ ഒരക്ഷരം മാറിപ്പോയി. Industrialist effluent എന്നായിപ്പോയി. ഇതോടെ അര്‍ഥവും മാറി. സമ്പന്നന്‍ എന്നതിന്റെ സ്ഥാനത്ത് വ്യവസായശാലകളില്‍ നിന്നു പുറംതള്ളുന്ന മലിനവസ്തുക്കള്‍ എന്നായിപ്പോയി അര്‍ഥം. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്.
നിരവധി രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്. അറിയാതെയാണെങ്കിലും ഉള്ളിലെ വിഷമാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ചിലരുടെ കമന്റ്. സിനിമകളെക്കാള്‍ ഇപ്പോള്‍ തമാശകള്‍ ഇത്തരം വിവാഹപ്പരസ്യങ്ങളിലാണെന്ന് പറയുന്നവരുമുണ്ട്. വാക്കിന്റെ അര്‍ഥം പങ്കുവച്ചും ചിലര്‍ കമന്റ് ഇട്ടിട്ടുണ്ട്. സ്ഥിരമായി വിവാഹ പരസ്യങ്ങള്‍ നോക്കാറുണ്ടെന്നും ചിരിക്കാനുള്ള എന്തെങ്കിലും ഉണ്ടാകുമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും നദിയുടെ പേരുള്ള പെണ്‍കുട്ടിയെ വധുവായി ലഭിച്ചാല്‍ എല്ലാം സെറ്റ് ആകുമെന്നും കമന്റ് ചെയ്തിട്ടുണ്ട്.
Industry Effluent and Noida. Can’t be a coincidence. https://t.co/Id7KbbPdFD
— Parth Choudhari (@parthc98) October 18, 2020