തിരുവനന്തപുരത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുന്നു ; 79 ശതമാനം രോഗികളും രോഗമുക്തരായി

തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസമായി ആയിരത്തില്‍ താഴെയാണ് രേഖപ്പെടുത്തുന്ന പ്രതിദിന രോഗികളുടെ എണ്ണം. 79 ശതമാനം കോവിഡ് രോഗികള്‍ ഇതിനോടകം ജില്ലയില്‍ ഇതുവരെ രോഗ മുക്തി നേടി. ചൊവ്വാഴ്ച 470 പേര്‍ക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രോഗികളുടെ പ്രതിദിന കണക്കില്‍ രണ്ട് മാസത്തിലധികം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന തിരുവനന്തപുരം ചൊവ്വാഴ്ച എട്ടാം സ്ഥാനത്ത് ആണ്. 11,157 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 52,791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 41273 പേരും രോഗമുക്തരായി. ജില്ലയിലെ ആകെ രോഗമുക്തി നിരക്ക് 79 ശതമാനത്തിലെത്തി നില്‍ക്കുന്നു. സംസ്ഥാന ശരാശരി 72 ആണ്.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരം നാലാം സ്ഥാനത്താണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ തിരുവനന്തപുരത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ നിലവിലുണ്ട്. സംസ്ഥാനത്തുതന്നെ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയും തിരുവനന്തപുരമാണ്. വയനാടാണ് ഒന്നാംസ്ഥാനത്ത്.

പരിശോധനകളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് തിരുവനന്തപുരം.അതേസമയം മരണ നിരക്കില്‍ മാറ്റം വന്നിട്ടില്ല. ആകെ കോവിഡ് മരണത്തില്‍ 30 ശതമാനവും തിരുവനന്തപുരത്ത് തന്നെയാണ്. ഇന്നലെ വരെ 361 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി മരിച്ചത്. ഈ മാസം ആദ്യം മുതല്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലം കാണുന്നുവെന്നാണ് ജില്ല ഭരണകൂടത്തിന്‍രെ വിലയിരുത്തല്‍.