വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വഴികള്‍ വെളിപ്പെടുത്തി സന്ദീപ് നായര്‍

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെയൊക്കെയാണ് സ്വര്‍ണ്ണം കടത്തിയത് എന്ന് വെളിപ്പെടുത്തി സന്ദീപ് നായര്‍. അന്വേഷണ സംഘത്തോട് ആണ് സന്ദീപ് വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിത്തിനെ നേരത്തെ അറിയാമെന്നും സരിത്തിനെക്കുറിച്ച് റമീസിനോട് പറഞ്ഞിരുന്നുവെന്നും സന്ദീപ് പറഞ്ഞു.

സ്വപനയെ പരിചയപ്പെടുത്തിയത് സരിത്താണെന്നും സ്വര്‍ണം നയതന്ത്ര ബാഗേജ് വഴി കടത്തിയാല്‍ പിടിക്കപ്പെടില്ലാന്ന് സ്വപനയാണ് പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു. ആദ്യമായി സ്വര്‍ണക്കടത്ത് നടത്തുന്നതിന് 2019 മെയ് മാസത്തില്‍ സരിത്തിന്റെ കാറിനുള്ളില്‍ തിരുവനന്തപുരത്ത് വെച്ചാണ് ഗൂഡാലോചന നടത്തിയതെന്നും സന്ദീപ് വെളിപ്പെടുത്തി.

കൂടാതെ രണ്ടു തവണയാണ് സ്വര്‍ണക്കടത്തിന് ട്രയല്‍ നടത്തിയതെന്നും അതിനായി നിര്‍ബന്ധിച്ചത് സ്വപ്നയാണെന്നും 10 കിലോ വീതം സ്വര്‍ണം അയക്കാനാണ് പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു. മാത്രമല്ല സ്വപ്നയ്‌ക്കെതിരെയുള്ള ക്രിമിനല്‍ കേസിനെക്കുറിച്ച് ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്നും ഇതിന് ശേഷമാണ് സ്വപനയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനമെന്നും സന്ദീപ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വര്‍ണ്ണക്കടത്തിന് കിലോയ്ക്ക് 45000 ആണ് റമീസ് കമീഷന്‍ പറഞ്ഞതെങ്കിലും 1000 യുഎസ് ഡോളറാണ് സ്വപ്ന ആവശ്യപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു. കൂടാതെ ലാഇഫെ മിഷനില്‍ 5% കമ്മീഷന്‍ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാം എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.