വ്യക്തിവിരോധം തീര്‍ക്കാന്‍ മന്ത്രി ജലീലില്‍ അധികാര ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണവുമായി പ്രവാസി
മന്ത്രി കെ ടി ജലീലിന് എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രവാസി യുവാവ് രംഗത്ത്. എടപ്പാള്‍ സ്വദേശി യാസിര്‍ അരാഫത്ത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയിലാണ് യാസിറിന്റെ പ്രതികരണം.
‘മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു. മന്ത്രിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്. അത്തരം പരാമര്‍ശം നടത്തിയിട്ടില്ല. വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിര്‍ പറഞ്ഞു. കൊണ്ടോട്ടി അബു എന്ന ഫേസ് ബുക്ക് പേജിന് നേതൃത്വം നല്‍കുന്നയാളാണ് യാസിര്‍.
കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ പൊലീസ് വീട്ടീല്‍ റെയ്ഡ് നടത്തിയെന്നും ജനാധിപത്യ വിരുദ്ധമായ ജലീലിന്റെ നീക്കം ഏറെ ദുഖം ഉണ്ടാക്കിയെന്നും ലീഗ് പ്രാദേശിക നേതാവു കൂടിയായ യാസിറിന്റെ പിതാവ് എം.കെ.എം.അലി പറഞ്ഞു. സ്വപ്നയുടെ ഈ മൊഴിയോടെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യന്‍ പൗരനെ നാടുകടത്താന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ് കെ.ടി.ജലീലിനെതിരെ ഉയരുന്നത്.