ഇസ്ലാമിക തീവ്രവാദത്തെ പിഴുതെറിയാന്‍ കര്‍ക്കശനിലപാടുമായി ഫ്രാന്‍സ്; കൊല്ലപ്പെട്ട അധ്യാപകന് മരണാനന്തര ബഹുമതിയായി ലീജന്‍ ഓഫ് ഓണര്‍
പാരിസ്: ഫ്രഞ്ച് തലസ്ഥാനത്ത് നിന്നും 25 മൈല്‍ അകലെഴുള്ള സെയ്ന്റി ഹോണറോയിന്‍ ചരിത്ര അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ കൊലപാതകത്തില്‍ ഫ്രാന്‍സില്‍ രോഷം പുകയുന്നു. ഈ ദിവസങ്ങളില്‍ ഫ്രാന്‍സിലെ എല്ലാ സ്ഥലങ്ങളിലുംതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും അനേക ലക്ഷങ്ങള്‍ തെരുവിലിറങ്ങി.
ലോകമെങ്ങും ഞെട്ടലോടെ കണ്ട സംഭവത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് അന്വേക്ഷണം ആരംഭിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിനോട് ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ശക്തമായ സഹകരണം ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണ്‍ ആവശ്യപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന മന്ത്രിമാരുടെ അടിയന്തര യോഗത്തില്‍ തീവ്രവാദികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാനും സാമൂഹ്യ മാധ്യമങ്ങളും മറ്റും കൂടുതല്‍ കര്‍ക്കശമായി പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തിനുശേഷം പോലീസ് ഡസന്‍ കണക്കിന് റെയ്ഡുകള്‍ നടത്തി. പാരീസിന് പുറത്ത് ഒരു മോസ്‌ക് ആറുമാസത്തേയ്ക്കു അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ‘തീവ്ര ഇസ്ലാമുമായി’ ബന്ധമുള്ള 50 ഓളം മറ്റ് സംഘടനകളെ ഫ്രഞ്ച് സര്‍ക്കാര്‍ കര്‍ശനമായി നീരിക്ഷിക്കുകയാണ്. ഇതില്‍ പകുതി സംഘടനകളെയെങ്കിലും നിരോധിച്ചേക്കും. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കളക്ടീവ് എഗന്‍സ്റ്റ് ഇസ്ലാമോഫോബിയ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും.
ഫ്രാന്‍സിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി പരിഷ്‌കരിക്കാനുള്ള നിയമനിര്‍ദേശങ്ങള്‍ ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രസ്താവിച്ചു. കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാനുള്ള അനുവാദവും വെട്ടിച്ചുരുക്കിയേക്കും. തീവ്രവാദ ഗ്രൂപ്പുകളെ എന്ത് വിലകൊടുത്തും നിയന്ത്രിക്കുകതന്നെ ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ പിന്തുണയ്ക്കുന്ന ഒരു സംഘത്തെ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. നിയമനടപടികളില്‍ കുടുങ്ങി തീവ്ര നിലപാടുകളുള്ള നിരവധി പേര്‍ നാടുകടത്തപ്പെട്ടേക്കും. കൊലപാതകത്തില്‍ പങ്കുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 7 പേര്‍ തീവ്രവാദ വിരുദ്ധ ജഡ്ജിയുടെ മുമ്പാകെ ഹാജരാകും. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 16 പേരെയാണ് പോലീസ് ഉടന്‍ അറസ്റ്റിനു വിധേയമാക്കുക.
ഇതിനിടയില്‍ ചരിത്ര അധ്യാപകന് രാജ്യം ബുധനാഴ്ച ആദരാഞ്ജലി അര്‍പ്പിച്ചു. പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ പാറ്റിയുടെ കുടുംബത്തോടും 400ഓളം അതിഥികളോടും ഒപ്പം നടന്ന ഔദ്യോഗിക അനുസ്മരണത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണ്‍ ഫ്രാന്‍സിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ലീജന്‍ ഓഫ് ഓണര്‍ സമ്മാനിച്ചു. കുറ്റകൃത്യത്തിന് പിന്നിലെ ‘ഭീരുക്കളെ’ അപലപിച്ച അദ്ദേഹം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ സ്വാംശീകരിച്ചതാണ് പാറ്റി കൊല്ലപ്പെടാന്‍ കാരണമെന്നു മാക്രോണ്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് പോലീസ് പാറ്റിയുടെ മൃദദേഹം കണ്ടെടുക്കുന്നത്. പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ളി ഹെബ്ദോ വാരികയുടെ ഓഫീസില്‍ 2015ലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേരെ തോക്കിനിരയാക്കിയ കേസിലെ വിചാരണ പാരീസിലെ കോടതിയില്‍ ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. ഷാര്‍ളി ഹെബ്ദോയുടെ വാര്‍ഷിക ദിനത്തില്‍ ഓഫിസിന്റെ പരിസരത്ത് കത്തിയാക്രമണം നടന്നിരുന്നു.
മോറല്‍ ആന്റ് സിവിക് എഡ്യൂക്കേഷന്‍ എന്ന വിഷയത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ കാണിച്ചെന്നു ആരോപിച്ചാണ് 47കാരനായ അധ്യാപകനെ കഴുത്ത് ച്ഛേദിച്ച് കൊലപ്പെടുത്തിയത്. മോസ്‌കോയില്‍ ജനിച്ച പതിനെട്ടുകാരനായ ചെച്ചനിയന്‍ വംശജനായ കുടിയേറ്റക്കാരനാനായിരുന്നു കൊലപാതകി. അക്രമിയെ പിന്നീട് പോലീസ് വെടിവച്ചുകൊന്നു.
ഇതിനിടയില്‍ താന്‍ 2003ല്‍ ഫ്രാന്‍സില്‍ ആകമാനം നടത്തിയ പഠനത്തിന്റെ ഫലം പുറത്തുവിട്ടെങ്കിലും ഫ്രഞ്ച് ഭരണകൂടമോ സമൂഹമോ കണക്കിലെടുത്തില്ലെന്നു ആരോപിച്ചു ഫ്രഞ്ച് പത്രപ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായ ക്രീസ്തീനെ ക്ലെര്‍ക്ക് രംഗത്തെത്തി. അവരുടെ ലേഖനത്തില്‍ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളായി സ്‌കൂളുകള്‍ മാറുന്നു എന്നു വ്യക്തമാക്കുന്നു. 300-350 യൂറോ കൈക്കൂലി കൊടുത്താണ് കൊലപാതകി രണ്ടു വിദ്യാര്‍ഥികളില്‍നിന്ന് അധ്യാപകനെ തിരിച്ചറിഞ്ഞതെന്ന കാര്യം ക്ലെര്‍ക്കിന്റെ ലേഖനത്തോട് കൂട്ടിവായിക്കേണ്ടതാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.