അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 34 മരണം

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 34 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

അഫ്ഗാനിസ്ഥാനിലെ ടാക്ഹാര്‍ പ്രവിശ്യയിലെ ഭാരക് ജില്ലയിലാണ് ആക്രമണമുണ്ടായത്. സൈനിക വ്യൂഹത്തെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഭാരക് ജില്ലയിലെ പൊലീസ് മേധാവിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്. താലിബാനും അഫ്ഗാനിസ്ഥാനും തമ്മിലാരംഭിച്ച സമാധാന സംഭാഷണങ്ങള്‍ക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സമാധാന സംഭാഷണങ്ങളില്‍ വലിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വെടിനിര്‍ത്തല്‍ കരാറിലൊപ്പുവെക്കാന്‍ ഇതുവരെ താലിബാന്‍ തയ്യാറായിരുന്നില്ല. അഫ്ഗാനില്‍ താലിബാന്‍ വലിയ മേല്‍ക്കയ്യുള്ള പ്രവിശ്യയാണ് ടാക്ഹാര്‍ പ്രവിശ്യ. ഇവിടുത്തെ 16 ജില്ലകളില്‍ പതിനൊന്നും വര്‍ഷങ്ങളായി നിയന്ത്രിക്കുന്നത് താലിബാനാണ്. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും എന്നാണ് റിപ്പോര്‍ട്ട്.