വെളുത്ത തൊലിയും കറുത്ത തൊലിയും: ഒരു സ്വിസ് മലയാളിയുടെ ഓര്‍മ്മക്കുറിപ്പ്

സി.വി എബ്രഹാം

സായിപ്പിന്റെയുള്ളിലും കറുപ്പ്.

വെളുത്ത നിറത്തോടുള്ള അന്ധമായ ആരാധനയാണ് വാസ്തവത്തില്‍ ഇന്‍ഡ്യാക്കാരെ വെള്ളക്കാരന്റെ അടിമകളാക്കി മാറ്റിയത്. തൊലി കറുത്തവന്റെ സ്വന്തം നിറത്തോടുള്ള അപകര്‍ഷത അവനെ സായിപ്പിന്റെ മുന്‍പില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചു.

ഉഷ്ണമേഖലാപ്രദേശങ്ങളിലെ കാലാവസ്ഥയും, ജനതിക പൈതൃകവും കൊണ്ട്, ജനതയുടെ നിറം ഇരുണ്ടതാവുമ്പോള്‍ ഈ പ്രദേശങ്ങളില്‍ തൊലി വെളുപ്പോടെ പ്രത്യക്ഷപ്പെടുന്നവര്‍ ആരാധ്യരാവുന്നു; ജന്മനാവെളുത്ത കുട്ടികള്‍ കൂടുതല്‍ ലാളിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു.

സൗന്ദര്യത്തിന്റെ മാനദണ്ഡം വരെ വെളുത്ത നിറമായിരിക്കും! വിവാഹ കമ്പോളങ്ങളില്‍ വെളുത്ത നിറമുള്ള പെണ്ണിനും ആണിനും വന്‍ ഡിമാന്‍ഡാണ്. ഇരുണ്ട നിറത്തെ വെളുപ്പാക്കി മാറ്റാനുതകുന്ന സൗന്ദര്യ വര്‍ധക ഉപാധികള്‍ വിറ്റും ചികിത്സാ രീതികള്‍ നിര്‍ദ്ദേശിച്ചുമൊക്കെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവര്‍ വര്‍ധിച്ചു വരുന്ന ഇന്ത്യയില്‍ സായിപ്പിന്റെ നിറത്തോടുള്ള സ്വീകാര്യതയ്ക് ഇന്നും കോട്ടമൊന്നും സംഭവിച്ചിട്ടില്ല.

എന്തിനേറെ, ഭരണതലത്തിലെ നെഹ്റു കുടുംബത്തിന്റെ ആധിപത്യത്തിനു പോലും അവരുടെ തൊലി നിറം സഹായകമായി എന്നത് പച്ചയായ യാഥാര്‍ഥ്യം മാത്രം. വടക്കേ ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ഇരുണ്ട നിറക്കാരായ പട്ടിണിക്കോലങ്ങളുടെ മുന്‍പിലേയ്ക്ക് ആഡംബര കാറുകളില്‍ നിന്നിറങ്ങി പ്രത്യക്ഷപ്പെടുന്ന, തൊലിവെളുപ്പുള്ള നേതാക്കള്‍ അവര്‍ക്കു ദൈവതുല്യരാണ്. ഇവരുടെ നിറമുള്ള ഒരു ഫോട്ടോ ഗ്രാമങ്ങളില്‍ പതിക്കുന്നതോടെ അവരുടെ തിരഞ്ഞെടുപ്പു വിജയം സുനിശ്ചിതമായിരുന്നു. ഇങ്ങനത്തെ ദൈവങ്ങളാണ് കാലങ്ങളോളം ഇന്ത്യ ഭരിച്ചത്. എന്നാല്‍ തൊലി വെളുത്ത സായിപ്പന്മാരും വെറും സാധാരണ മനുഷ്യരാണെന്നും ജീര്‍ണിച്ച മനസ്സിന്റെ ഉടമകളായവര്‍ അവര്‍ക്കിടയിലുമുണ്ടെന്നതും അടുത്തിടപഴകുമ്പോള്‍ മാത്രമാണ് നമുക്കു ബോധ്യമാവുക. സായിപ്പിന്റെ നാട്ടിലെത്തി ജോലിയന്വേഷിച്ച എനിക്ക് ഇലക്ട്രോണിക്സ് മേഖലയില്‍ ഒരു ജോലി കിട്ടാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്നു.

ആതുര സേവന രംഗത്തൊഴിച്ചു മറ്റെവിടെയെങ്കിലും ഒരു ജോലി കിട്ടണമെങ്കില്‍ ഗവണ്‍മെന്റിന്റെ അനുവാദത്തിനായി കാത്തിരിക്കണം. ഭാഷയൊക്കെ പഠിച്ചു ജോലി ചെയ്യുവാനുള്ള അനുവാദം കിട്ടിയപ്പോളേക്കും രണ്ടു വര്‍ഷം കഴിഞ്ഞുപോയി.
അതിനു ശേഷം ജോലിയന്വേഷണവുമായി പേരുകേട്ട പല കമ്പനികളിലും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
അവസാനം നഗര മദ്ധ്യത്തില്‍ Print -Technik എന്നു പേരുള്ള ഒരു ചെറിയ കമ്പനിയില്‍ ജോലി കിട്ടി. കമ്പ്യൂട്ടറുകള്‍ക്കു വേണ്ടിയുള്ള ബാക്ക് അപ്പ് ഉപകരണങ്ങള്‍ നിര്‍മിക്കലായിരുന്നു ജോലി. കമ്പനിയിലെ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു.

ഹാര്‍ഡ് വയര്‍ വയര്‍ ടെക്‌നോളജി ഇന്നത്തെതു പോലെ പുരോഗമിച്ചിട്ടില്ലാതിരുന്നതിനാല്‍ ഇന്നു നമ്മള്‍ മൗസ് കൊണ്ടു ചെയ്യുന്ന ഫോട്ടോ ഷോപ്പ്, വര, പെയിന്റിംഗ് തുടങ്ങി പല കാര്യങ്ങളും മറ്റുപകരണങ്ങള്‍ ഘടിപ്പിച്ചിട്ടാണ് ചെയ്തു പോന്നത്. ഇന്നുള്ളതുപോലെ എല്ലാത്തിനും വേറെ വേറെ ആപ്പുകളൊന്നും നിലവിലില്ലാഞ്ഞപ്പോള്‍ ഇങ്ങനത്തെ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. സര്‍ക്യൂട്ട് ഡയഗ്രവും ആവശ്യമുള്ള കമ്പോണന്റ്‌സും കൈയില്‍ കിട്ടിയാല്‍ ഡയഗ്രം നോക്കി അതു ചെയ്തു തീര്‍ക്കണം. ടെസ്റ്റു ചെയ്തു പ്രവര്‍ത്തന സജ്ജമാക്കി ഉല്‍പന്നം സൂപ്പര്‍വൈസറിനു കൈമാറിയാല്‍ അവര്‍ ഒന്നുകൂടി പരിശോധിച്ച ശേഷം വില്‍പ്പനയ്ക്കു വയ്ക്കും. ഷോ കേസില്‍ വയ്ക്കാത്ത താമസം സാധനം വിറ്റു പോകും; അത്രയ്ക്കു ഡിമാന്‍ഡ് ആയിരുന്നു Print – Technik ലെ ഉത്പന്നങ്ങള്‍ക്ക്. മുന്‍ഗാമി വേറെ ജോലി കിട്ടി പോയതു കൊണ്ടാണ് എനിക്കവിടെ അവസരം ലഭിച്ചത്.

6000 ഷില്ലിങ്ങു വിലയുള്ള രണ്ടു യൂണിറ്റുകള്‍ അയാള്‍ ഒരു ദിവസം ചെയ്തു തീര്‍ക്കുമായിരുന്നു. എനിക്കും അതു സാധിച്ചേക്കുമെന്ന് കമ്പനിയുടമ ന്യായമായും പ്രതീക്ഷിച്ചു. 172 വിവിധ കൊമ്പോണന്റുകള്‍ പടം നോക്കി, തെറ്റു വരാതെ, പ്രിന്റഡ് ബോര്‍ഡില്‍ വിളക്കി ചേര്‍ക്കണം; ഒരെണ്ണമെങ്ങാനും മാറിപ്പോയാല്‍ ഉപകരണം പ്രവര്‍ത്തിക്കില്ല. മൂന്നു മാസങ്ങള്‍ പിന്നിട്ടപ്പോള്‍, മുന്‍ഗാമിയുടെ രണ്ടു യൂണിറ്റ് ലക്ഷ്യം ഞാനും കൈവരിച്ചു. കടയുടമ സന്തുഷ്ടനായിരുന്നു, എന്റെ ജോലിയും സ്ഥിരപ്പെട്ടു.
ആറു മാസങ്ങള്‍ പിന്നിടുമ്പോഴേയ്ക്കും ബോര്‍ഡില്‍ നിരത്തേണ്ട 172 കമ്പോണന്റുകള്‍ മനഃപാഠമായി. പ്രൊഡക്ഷന്‍ എണ്ണം രണ്ടില്‍ നിന്നും അഞ്ചായി ഉയര്‍ന്നു. കമ്പനിക്കും കടയുടമയ്ക്കും ഞാന്‍ വേണ്ടപ്പെട്ടവനായി മാറി.

ഞങ്ങള്‍ ആറു പേരാണ് അവിടെ ജോലി ചെയ്തിരുന്നത്. പ്രൊഡക്ക്ഷനില്‍ എന്നോടൊപ്പം രണ്ടു പോളണ്ടുകാരും, ഒരു ഓസ്ട്രിയക്കാരനും. പോളണ്ട് കാര്‍ രണ്ടു പേരും വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരാണ്. എന്റെ മേശയോടടുത്തിരുന്നു ജോലി ചെയ്യുന്നവന്‍ നേരത്തെ അവിടെ ജോലി ചെതിരുന്നവന്റെ അടുത്ത സുഹൃത്തായിരുന്നു, പഴയ സുഹൃത്തിന്റെ ജോലി സാമര്‍ഥ്യത്തെപ്പറ്റി ഇടവേളകളില്‍ അവന്‍ എന്നെ പറഞ്ഞു കേള്‍പ്പിച്ചു. എന്നാല്‍ പിരിഞ്ഞു പോയ അവന്റെ സുഹൃത്തിനേക്കാള്‍ നന്നായി ഞാന്‍ ജോലിചെയ്യുന്നെന്നു കണ്ടപ്പോള്‍ പോളണ്ടുകാരന്‍ ഞാനുമായുള്ള കുശലം പറച്ചിലുകള്‍ കുറച്ചു. ഒരു ദിവസം രാവിലെ ജോലി തുടങ്ങുമ്പോള്‍ തലേ ദിവസം പൂര്‍ത്തിയാക്കി വച്ചിരുന്ന ബോര്‍ഡുകള്‍ ഒന്നു കുടി ഉറപ്പു വരുത്തി പാക്കിങ് കേസില്‍ ഇടാനുള്ള തയാറെടുപ്പിലായിരുന്നു.

അപ്പോളാണ് അതിലെ നാലഞ്ചു കംപോണന്റുകളിലെ വിളക്കുകളിലുള്ള അസ്വാഭാവികത ശ്രദ്ധയില്‍ പെട്ടത്.
വീണ്ടും എല്ലാം പരിശോധിച്ചപ്പോള്‍ മനസ്സിലായി, തലേദിവസം ചെയ്ത എല്ലാ ബോര്‍ഡുകളിലെയും അഞ്ചു കംപോണന്റുകള്‍ വീതം മാറ്റി പിടിപ്പിച്ചിരിക്കുന്നു. മേധാവിയുടെ അടുത്ത് പരാതിപ്പെട്ടാലോ എന്നാണു ആദ്യം ചിന്തിച്ചത്, എന്നാല്‍ തെളിവുകളില്ലാതെ ആര്‍ക്കെതിരെ പരരാതിപ്പെടാന്‍. ഭാവവ്യത്യാസങ്ങളൊന്നും കാട്ടാതെ എല്ലാം പഴയപടിയാക്കി വീണ്ടും ജോലി തുടര്‍ന്നു. പിന്നീടുള്ള ആഴ്ചകളില്‍ പല തവണ എന്റെ ജോലി ഈ രീതിയില്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഡയഗ്രം മനഃപാഠമായിരുന്നതിനാല്‍ എന്നെ ബുദ്ധിമുട്ടിക്കാന്‍ അവനു സാധിച്ചില്ല.

പോളണ്ട് കാരന്‍ സായിപ്പിനോടൊപ്പം ഒന്നും സംഭവിക്കാത്തതുപോലെ പഴയതു പോലെ തന്നെ ഞങ്ങള്‍ അടുത്തടുത്ത മേശകളിലിരുന്നു ജോലി തുടര്‍ന്നു. Print-Technik ല്‍ ജോലി തുടങ്ങി ഒരു വര്‍ഷം തികയുമ്പോളേക്കും സ്വിറ്റ്സര്‍ലന്‍ഡിലേക്കു പോരാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു. അതിനു മുന്‍പ് നാട്ടില്‍ പോയി എല്ലാവരെയും കണ്ടു പോരണം. അഞ്ചാഴ്ചത്തെ അവധി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ രാജിക്കത്തു കൊടുക്കാമെന്നു തീരുമാനിച്ചാണ് അവധിക്കു പോയത്. തിരിച്ചെത്തിയപ്പോള്‍ അടുത്തിരുന്നു ജോലി ചെയ്തിരുന്ന പോളണ്ടു കാരനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. രാവിലെ ആറു മണിക്കു കമ്പനിയിലെത്തി പല്ലു തേയ്പ്പും ടോയ്ലറ്റും കുളിയും തേവാരവുമൊക്കെ നടത്തി ഇതെല്ലാം ജോലി സമയത്തില്‍ എഴുതിച്ചേര്‍ത്തിരുന്ന അവനെ ഒരു ദിവസം നേരത്തേയെത്തിയ കടയുടമ കൈയോടെ പിടികൂടി. ജോലി സമയവും ഉത്പാദനവും തമ്മില്‍ പൊരുത്തക്കേടു കണ്ടപ്പോള്‍, സംശയനിവാരണത്തിനായി കടയുടമ നേരത്തേയെത്തിയതായിരുന്നു. അത് അവന്റെ അവസാനത്തെ ജോലിദിവസമായി.

ഞാന്‍ പിരിഞ്ഞു പോരുമെന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശമ്പള വര്‍ധനവും ആനുകുല്യങ്ങളുമൊക്കെ വാഗ്ദാനം ചെയ്ത് അവിടെത്തന്നെ നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിച്ചെങ്കിലും വിയന്നയോടു വിട പറയാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല.
കൂടുതല്‍ അവസരങ്ങള്‍ തേടി സ്വിറ്റസര്‍ലണ്ടിലേയ്ക്കുള്ള കൂടു മാറ്റം താമസിയാതെ നടന്നു.

(ആദ്യവര്‍ഷങ്ങളില്‍ ഓസ്ട്രയയിലെ വിയന്നയില്‍ ജോലി ചെയ്തശേഷം മൂന്ന് ദശാബ്ദകാലം സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലിചെയ്ത ലേഖകന്‍ ഇപ്പോള്‍ സൂറിച്ചില്‍ വിശ്രമ ജീവിതം നയിക്കുന്നു.)