ജോസ് കെ മാണി എല്‍ഡിഎഫില്‍; ഔദ്യോഗിക അംഗീകാരം

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് ഘടക കക്ഷിയാക്കിയ തീരുമാനത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. എല്‍ഡിഎഫിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറില്‍ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമാകുന്നത്. മുന്‍പ് എടുത്ത തീരുമാനം ഇന്ന് എല്‍ഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ജോസ് കെ മാണിയെ ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാട് മറ്റ് ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. മുന്നണിയുടെ പൊതു താത്പര്യത്തിനൊപ്പം നില്‍ക്കുകയാണെന്ന് സിപിഐ അറിയിച്ചു. ഉപാധികള്‍ ഇല്ലാതെയാണ് ജോസിനെ മുന്നണിയുടെ ഭാഗമാക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി. സീറ്റുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എമ്മുമായി നടത്തിയിട്ടുണ്ടോയെന്ന് എന്‍.സി.പി ചോദിച്ചു.

ഒരു ഉപാധികളും ഇല്ലെന്നും നിയമസഭാസീറ്റ് ചര്‍ച്ചകള്‍ ആ ഘട്ടത്തില്‍ നടത്താമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കക്ഷികള്‍ വരുമ്പോള്‍ തങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് എല്‍.ജെ.ഡി ആവശ്യപ്പെട്ടു. ജെ.ഡി.എസും എല്‍.ജെ.ഡിയും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയെങ്കിലും ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ മൗനം പാലിച്ചു.