നജ്മയ്ക്കൊപ്പം ; ഡോക്ടര്‍ നജ്മക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍
കളമശ്ശേരി ആശുപത്രി വിവാദത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ഡോക്ടര്‍ നജ്മയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ തുറന്ന് പറഞ്ഞാല്‍ സിപിഎമ്മിന്റെ സൈബര്‍ വെട്ടിക്കിളി കൂട്ടം അക്രമം ആരംഭിക്കുകയാണ്. എന്ത് ധര്‍മ്മികതയാണ് സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ സിപിഎമ്മിനുള്ളതെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തിലെ ആരോഗ്യവകുപ്പ് അന്താരാഷ്ട്ര നിലവാരമുള്ളതാകണം എന്ന് ഒരു മലയാളി ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അന്താരാഷ്ട്ര പിആര്‍ വര്‍ക്ക് മാത്രാണ് നടക്കുന്നതെങ്കില്‍, അതൊരു ഡോക്ടറുടെ കണ്ണീരിലും, ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവനിലും, പുഴുവരിച്ച രോഗിയുടെ അവസ്ഥയിലുമാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കില്‍ കോവിഡ് കാലത്ത് കണ്ടത് പോലെ വലിയ പ്രയാസമില്ലാതെ തകര്‍ന്ന് വീഴുക തന്നെ ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നജ്മയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വന്‍ കമ്മ്യൂണിസ്‌റ് സൈബര്‍ ആക്രമണമാണ് ഡോക്ടര്‍ക്ക് നേരെ ഉണ്ടായത്. ഇതേ തുടര്‍ന്നു നജ്മക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത് വന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കൊവിഡ് കാലത്തെ കേരള മാതൃകകളുടെ പൊള്ളത്തരങ്ങള്‍ ഇന്നലെയും കാസര്‍ഗോഡ് ആശുപത്രിയുടെ കാര്യം ഉദ്ധരിച്ച് പറഞ്ഞതാണല്ലോ. ഇപ്പോള്‍ ഡോ നജ്മയാണ് മുന്നില്‍. അവരുടെ മനുഷ്യത്വമുള്ള ചോദ്യങ്ങളും ആശങ്കകളുമാണ് പൊതുമനസാക്ഷിയെ ഉലയ്ക്കുന്നത്. ഇത്രയും ദുരിതപൂര്‍ണ്ണമായ ഒരു കാലത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ക്ക് ചാനലില്‍ വന്നിരുന്ന് കരയേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചകള്‍ തുറന്ന് പറഞ്ഞാല്‍ സിപിഎമ്മിന്റെ സൈബര്‍ വെട്ടിക്കിളി കൂട്ടം അക്രമം ആരംഭിക്കുകയാണ്. ഇന്നലെ ഇതേ മാതൃഭൂമി ചാനലില്‍ വന്നിരുന്നല്ലേ ഇവര്‍ സൈബര്‍ ഇടങ്ങളിലെ മാന്യതയെപ്പറ്റി വാചാലരായത്? എന്ത് ധര്‍മ്മികതയാണ് സൈബര്‍ ഇടങ്ങളെ പറ്റി പറയാന്‍ സിപിഎമ്മിനുള്ളത്?
കൊവിഡ് കാലത്തെ കേരള മാതൃകകളുടെ പൊള്ളത്തരങ്ങള്‍ ഇന്നലെയും കാസര്‍ഗോഡ് ആശുപത്രിയുടെ കാര്യം ഉദ്ധരിച്ച് പറഞ്ഞതാണല്ലോ. കേരളത്തിലെ ആരോഗ്യവകുപ്പ് അന്താരാഷ്ട്ര നിലവാരമുള്ളതാകണം എന്ന് ഒരു മലയാളി എന്ന നിലയില്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അന്താരാഷ്ട്ര പി ആര്‍ വര്‍ക്ക് മാത്രാണ് നടക്കുന്നതെങ്കില്‍, അതൊരു ഡോക്ടറുടെ കണ്ണീരിലും, ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവനിലും, പുഴുവരിച്ച രോഗിയുടെ അവസ്ഥയിലുമാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെങ്കില്‍ കോവിഡ് കാലത്ത് കണ്ടത് പോലെ വലിയ പ്രയാസമില്ലാതെ തകര്‍ന്ന് വീഴുക തന്നെ ചെയ്യും.
ഒരു സ്ത്രീ എന്ന നിലയിലും, ഡോക്ടര്‍ എന്ന നിലയിലും, ഒരു പൗര എന്ന നിലയിലും നജ്മ ചെയ്തതിനൊപ്പമാണ്. അഭിമാനത്തോടെ പിന്തുണയ്ക്കുന്നു. #നജ്മയ്ക്കൊപ്പം.