കാട്ടുപന്നിയെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അനുമതി തേടി കേരളം
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ അനുമതി തേടി കേരളം. കേരളത്തിലെ വനമേഖലയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നും വനംമന്ത്രി കെ. രാജു അറിയിച്ചു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ച് കൊന്നൊടുക്കാന്‍ ആണ് കേരളം അനുമതി തേടിയിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ കര്‍ക്കശമായതിനാല്‍ വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിന് ആയില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ഉദ്യോഗസ്ഥര്‍ക്ക് പുറമെ തോക്ക് ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അവയെ വെടിവച്ചുകൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായത്.
ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാല്‍ അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. വെര്‍മിനായി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് കാരണം വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്.