ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദ്യം; അയാളെ അടിക്കാനും ചോദ്യം ചെയ്യാനും നിങ്ങളാര്?

കൊച്ചി: ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. നിയമം കൈയിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു.

അതേസമയം ഭാഗ്യലക്ഷമിയുടെ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു. മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറക്കല്‍, ദിയ സന്ന എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഒക്ടോബര്‍ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹര്‍ജിയില്‍ 30ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല.

അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും എന്നാല്‍ നിലവില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഭാഗ്യലക്ഷി, ദിയ സന്ന, ശ്രീലക്ഷമി എന്നിവര്‍ക്കെതിരെ നടത്തിയത്.

നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്. അടിക്കാന്‍ തയാറായെങ്കില്‍ അതിന്റെ ഫലം നേരിടാനും നിങ്ങള്‍ തയ്യാറാവണം. അയാള്‍ (വിജയ് പി നായര്‍) ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാന്‍ പാടുണ്ടോ? വിജയ് പി നായരെ നിങ്ങള്‍ മര്‍ദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. അയാളെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു.

അതേസമയം തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഭാഗ്യലക്ഷമി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരെ അക്രമിച്ചത് കൂടാതെ ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചെന്നും ആരോപിച്ചു. എന്നാല്‍ ഈ വാദത്തോട് കോടതി വിയോജിച്ചു. ഇവര്‍ക്ക് മോഷ്ടിക്കാന്‍ ഉദേശമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ലാപ്പ് ടോപ്പും മറ്റും പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കില്ലായിരുന്നു കോടതി നിരീക്ഷിച്ചു.