കമല ഹാരിസിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യന്‍ പാരമ്പര്യവുമായി മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സുനില്‍ ഫ്രീമാന്‍

പി.പി. ചെറിയാന്‍

വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് വെല്ലുവിളിയുയര്‍ത്തി അതേ പാരമ്പര്യം അവകാശപ്പെടുന്ന മറ്റൊരു സ്ഥാനാര്‍ഥി സുനില്‍ ഫ്രീമാന്‍ പൊതുതിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.

സോഷ്യലിസം ആന്റ് ലിബറേഷന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഗ്ലോറിയ ലറിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടാണ് സുനില്‍ ഫ്രീമാന്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മേരിലാന്റില്‍ ബാല്യം ചെലവഴിച്ച സുനില്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിഗ്രി എടുത്തിട്ടുണ്ട്. ഒരു കവിയായ സുനില്‍ നല്ലൊരു ഗ്രന്ഥകാരന്‍ കൂടിയാണ്.

അമേരിക്കയിലെ പതിനഞ്ചു സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലാണ് പിഎസ്എല്‍ (പാര്‍ട്ടി ഫോര്‍ സോഷ്യലിസം ആന്റ് ലിബറേഷന്‍) സ്ഥാനം പിടിച്ചിരിക്കുന്നത്. ബൊളിവിയയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തില്‍ അഭിമാനിക്കുന്നതായി സുനില്‍ പറയുന്നു. സുനിലും കമലയും ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടുമ്പോള്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ ആരെ പിന്തുണക്കും എന്ന ചോദ്യം ഉയരുന്നു. ഇതു കമലാ ഹാരിസിന്റെ വോട്ടിനെ ബാധിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.

ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഇപ്പോഴത്തെ ഹരിയാനയിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ചണ് സുനിലിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടിയത്. ബനാറിസില്‍ ജനിച്ച മാതാവിന് സോഷ്യല്‍ വര്‍ക്കില്‍ പരിശീലനം ലഭിച്ചിരുന്നു. അമേരിക്കന്‍ ഫ്രണ്ട്സ് സര്‍വീസ് കമ്മിറ്റിയുടെ പ്രവര്‍ത്തകനായിട്ടായിരുന്നു പിതാവ് ചാള്‍സ് ഇന്ത്യയില്‍ എത്തിയത്.