തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് പി സി ജോര്‍ജ്

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ് എംഎല്‍എ. ഭരണഘടനാ ഭേദഗതി ഇല്ലാതെ തന്നെ ആറുമാസം വരെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കമ്മീഷന്‍ അധികാരമുണ്ടെന്നും ജോര്‍ജ് പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ ഭൂരിപക്ഷം പാര്‍ട്ടികളും തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ഭരണഘടനാപരമായി ജനപ്രതിനിധികള്‍ ആവശ്യമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 50 ശതമാനത്തിലധികം സമ്മതിദായകരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കും. ഇത് ഒരിക്കലും നിഷ്പക്ഷ ജനവിധിയായി കണക്കാക്കാന്‍ കഴിയില്ല. കോവിഡ് വളരെ വ്യാപിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ രീതിയിലുള്ള ആപത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല എന്നും പി സി ജോര്‍ജ്ജ് പറയുന്നു.

സര്‍ക്കാര്‍ ഭരണ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വൈറസ് വ്യാപനത്തിന് കാരണമാകും. ജനങ്ങളുടെ ജീവനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കേണ്ടതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബര്‍ ആദ്യവാരം നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഓരോ ഘട്ടത്തിലും ഏഴ് വീതം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഡിസംബര്‍ 11ന് മുമ്പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും വിധമാണ് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ ആലോചിക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും. അന്നുമുതല്‍ മുതല്‍ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണമായിരിക്കും.