ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി ; വിധി അടുത്ത ബുധനാഴ്ച

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 28ന് വിധി പറയുമെന്ന് ഹൈക്കോടതി. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ നല്‍കിയത്. അതേസമയം സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയച്ചു.

ശിവശങ്കര്‍ വന്‍സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തുകാരെ സഹായിക്കാന്‍ ഉപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ ശിവശങ്കറിന്റെ ഭാഗത്ത് നിന്നും പൂര്‍ണമായ നിസകരണമാണ് ഉണ്ടാകുന്നത്. വാട്‌സ്ആപ്പ് മെസ്സേജുകളെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മറുപടിയില്ല. അന്വേഷണത്തെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണ്. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ സജീവ പങ്കാളിത്തമുണ്ടെന്നും ഇ.ഡി വാദിച്ചു. കേസില്‍ ശ്വശങ്കറിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ കേടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡിപ്പിക്കുകയാണെന്നുമാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 വരെ തടഞ്ഞിരുന്നു.