കേരളത്തില്‍ അവയവക്കച്ചവടം വ്യാപകം ; ഇടപാടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്ന് ക്രൈംബ്രാഞ്ച്
ഒരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി ഇടപാടുകള്‍ മാഫിയാസംഘം നടത്തിയെന്നും ക്രൈംബ്രാഞ്ച് എസ് പി യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കാളികളാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കിഡ്‌നി കച്ചവടമാണ് സംസ്ഥാനത്ത് വ്യാപകമെന്നാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഐ ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരെയും കേസില്‍ പ്രതിയാക്കാതെയാണ് എഫ് ഐ ആര്‍ തയാറാക്കിയിരിക്കുന്നത്. എസ് പി സുദര്‍ശന്‍ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുര്‍ കേന്ദ്രീകരിച്ച് നിരവധി പേര്‍ക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.
രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു സംഘം രൂപീകരിച്ച് വലിയതോതില്‍ ആളുകളെ പ്രലോഭിപ്പിച്ച് ഇതിലേക്ക് ചേര്‍ത്തുകൊണ്ട് അനധികൃതമായി വ്യാപകമായ രീതിയില്‍ ഇത്തരത്തില്‍ അവയവ കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തല്‍. ഇടനിലക്കാര്‍ ഈ സംഘത്തിലുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംഘത്തിലുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐ.ജി ശുപാര്‍ശ ചെയിതിരിക്കുന്നത്.