കേരള പോലീസ് ആക്ടിലെ 118(A) നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
കേരള പോലീസ് ആക്ടിലെ 118(A) നടപ്പിലാക്കാന്‍ ഉള്ള സര്‍ക്കാര്‍ ശ്രമത്തിനു എതിരെ ശക്തമായ എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ. കേരളാ ഗവണ്മെന്റ് സൈബര്‍ ബുള്ളിയിങ് തടയുക എന്ന ഉദ്ദേശത്തോടെയാണ് കേരള പോലീസ് ആക്റ്റ് പരിഷ്‌കരിക്കുന്നതിനായി ഒരു ഓഡിനന്‍സ് കൊണ്ട് വന്നത്. ഗവര്‍ണറുടെ അംഗീകാരം കൂടെ ലഭിച്ചാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. കേരള പോലീസ് ആക്ടിലെ 118(A) എന്ന വകുപ്പായി വരുന്ന ഈ നിയമം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്‌ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണ്.
ഈ നിയമം സൈബര്‍ ബുള്ളിയിങ്ങിനു മാത്രം ബാധകമായതല്ല, ക്രിയാത്മകമായ വിമര്‍ശനങ്ങളെയും മാധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഭരണഘടനയുടെ 19(1) പ്രകാരം പൗരനു ലഭിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിനു ഈ നിയമം ഇടവരുത്തും. ഇതേ കാരണങ്ങള്‍ നിരത്തിക്കൊണ്ട് 2012ല്‍ ഐടീ ആക്ടിലെ 66(A), പോലീസ് ആക്ടിലെ 118(D) എന്നീ വകുപ്പുകള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി നീക്കം ചെയ്തിട്ടുള്ളതാണ്. നിലവില്‍ മുന്നോട്ടു വെക്കപ്പെട്ട 118(A) എന്ന നിയമം മേല്പറഞ്ഞ നീക്കം ചെയ്ത വകുപ്പുകളോട് ഏതാണ്ട് അതേ തരത്തില്‍ സാമ്യമുള്ളതും, കൂടുതല്‍ ദുരുപയോഗ സാധ്യതയും കൂടുതല്‍ കഠിനമായതും ജാമ്യം ലഭിക്കാത്തതുമായ ശിക്ഷകള്‍ അനുവദിക്കുന്നതുമാണ്.
മുന്നോട്ടുവെക്കപ്പെട്ട നിയമത്തിലെ യശസ്സിനെ അപകീര്‍ത്തിപ്പെടുത്തുക, യശസ്സിനെ തകര്‍ക്കുക, യശസ്സിനെ ഭീഷണിപ്പെടുത്തുക മുതലായ വാചകങ്ങള്‍ക്ക്, നിയമപരമായി കൃത്യമായി നിര്‍വചനമില്ല. അധികാരികള്‍ക്ക് യുക്തമെന്ന തരത്തില്‍ അതിനെ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗിക്കാവുന്നതാണ്. സൈബര്‍ ബുള്ളിയിങ്ങിനെ തടയുന്നതിനു അനിവാര്യമായതും, കൃത്യമായി നിര്‍വചിച്ചിട്ടുള്ളതും അതിന്റെ വ്യാപ്തി കൃത്യമായി നിശ്ചയിച്ചിട്ടുള്ളതുമായ നിയമനിര്‍മ്മാണം ആവശ്യമാണ്.
അത്തരത്തിലുള്ള ഒരു നിയമത്തെ ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇത്തരത്തില്‍ വ്യാപകമായ ദുരുപയോഗസാധ്യതയുള്ളതും, ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതുമായ ഒരു ഡ്രാക്കോണിയന്‍ നിയമം ഒരു ജനാധിപത്യ വ്യവസ്ഥക്ക് ചേര്‍ന്നതല്ല എന്ന് ഐ സി യു പോലുള്ള ട്രോള്‍ പേജുകള്‍ വ്യക്തമാക്കുന്നു. അതുപോലെ നിലവിലുള്ള നിയമങ്ങള്‍ തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്, വ്യക്തിഹത്യയേതുമില്ലാത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കെതിരെ കേരളാ പോലീസ് ആക്ടിലെ 120 (O) പോലുള്ള നിയമങ്ങള്‍ ചുമത്തി കേസെടുത്ത അനുഭവം ഐസിയു അംഗങ്ങള്‍ക്ക് തന്നെയുണ്ട് എന്നും അവര്‍ പറയുന്നു.
വ്യക്തമല്ലാത്ത നിയമങ്ങളുപയോഗിച്ച് ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ വ്യാപകമായി ഹനിക്കപ്പെടുന്നുണ്ട് എന്ന് ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് ചീഫ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നു ചൂണ്ടിക്കാണിച്ചതായുള്ള വാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ക്കകമാണ് കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു നിയമനിര്‍മ്മാണം നടക്കുന്നത് എന്നതു ശ്രദ്ധേയം. ആയതിനാല്‍ ഭരണഘടനാ സാധുതയില്ലാത്ത ഈ നിയമനിര്‍മ്മാണത്തിനായുള്ള ഓഡിനന്‍സ്, കേരളാ ഗവണ്മെന്റ് പിന്‍വലിക്കണമെന്നും. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മറ്റ് മാര്‍ജിനലൈസ്ഡ് കമ്യൂണിറ്റികള്‍ക്കും ഓണ്‍ലൈനില്‍ സംരക്ഷണം നല്‍കുന്നതും, സൈബര്‍ ബുള്ളിയിങ്ങിനെ തടയുന്നതുമായ കൃത്യമായ നിയമനിര്‍മ്മാണം, വിശാലമായ പഠനങ്ങളും ശരിയായ പബ്ലിക്ള്‍ കണ്‍സള്‍ട്ടേഷനും നടത്തിയതിനു ശേഷം മാത്രം കൊണ്ടുവരണമെന്നും സോഷ്യല്‍ മീഡിയ കേരള സര്‍ക്കരിനോട് ആവശ്യപ്പെടുന്നു. ഇതിനായി #repel118A എന്ന ഹാഷ്ടാഗ് ക്യാംപെയിന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
അതേസമയം ഇലക്ഷന്‍ മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യറാക്കുന്ന ഒരു രക്ഷാകവചം ആണ് ഈ നിയമം എന്നും ആരോപണം ഉണ്ട്.