പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ തന്നെയും കുടുംബത്തെയും വഞ്ചിച്ചെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് കൃത്യമായി അന്വേഷിച്ച് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വാക്കുതന്ന പുന്നല ശ്രീകുമാര്‍ പറ്റിക്കുകയായിരുന്നു. തങ്ങളെ ദ്രോഹിച്ച ഡിവൈഎസ്പിയുടെ സ്ഥാനക്കയറ്റം തടയാന്‍ പുന്നല ശ്രീകുമാര്‍ തയ്യാറായില്ല. തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. വാളയാര്‍ കേസിലെ ഇരകളെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്ന് ശ്രീകുമാര്‍ പറഞ്ഞു. കേസില്‍ പ്രതികളെ വെറതെ വിട്ടതില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ മുന്നില്‍വച്ചു. കോടതിയെ സമീപിക്കുന്നതിനൊപ്പം ആവശ്യത്തെ എതിര്‍ക്കരുതെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാരും പറഞ്ഞിരുന്നു. ആവശ്യങ്ങള്‍ ശരിയായ നിലയില്‍ നടക്കുന്നുവെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കുന്നതിനോട് കെ.പി.എം.എസ് എതിര്‍പ്പ് അറിയിച്ചിരുന്നു. ആ നടപടിയോട് യോജിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരത്തിന് പിന്നിലെ ഏജന്‍സികളെ നിങ്ങള്‍ക്ക് അറിയാമല്ലോ? കെ.പി.എം.എസ് ഏറ്റെടുത്ത കാര്യം ഉത്തരവാദിത്തതോടെ നിറവേറ്റും. നിലപാടില്‍ നിന്ന് കെ.പി.എം.എസ് പിന്നോട്ടു പോകില്ല. നവംബറില്‍ നിര്‍ണായക വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചുവെന്ന ആരോപണത്തിനും പുന്നല ശ്രീകുമാര്‍ മറുപടി പറഞ്ഞു. മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് പാലക്കാടന്‍ സംസ്‌കാരമാണെന്നായിരുന്നു ഇതിന് ശ്രീകുമാര്‍ നല്‍കിയ വിശദീകരണം.