വാട്‌സ് ആപ്പ് വഴി കൂട്ട കോപ്പിയടി നടന്നു ; ബിടെക് പരീക്ഷ റദ്ദാക്കി

കേരള സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷയാണ് കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. കോവിഡ് മാനദണ്ഡം മറയാക്കി മൊബൈല്‍ ഫോണ്‍ വഴിയാണ് കോപ്പിയടി നടന്നത്. അഞ്ച് കോളജുകളില്‍ ക്രമക്കേട് കണ്ടെത്തി.

കോവിഡ് കാലത്ത് പരീക്ഷക്ക് ഉണ്ടായിരുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സാമൂഹിക അകലം കര്‍ശനമായിരുന്നു. ഇത് പരീക്ഷാര്‍ഥികള്‍ വിദഗ്ധമായി ദുരുപയോഗിക്കുകയായിരുന്നു. മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളിലെത്തിയ വിദ്യാര്‍ഥി ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി പുറത്ത് നല്‍കിയാണ് ക്രമക്കേട് നടത്തിയത്. ഇതിനായി വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നേരത്തേ തന്നെ ഉണ്ടാക്കിയിരുന്നു. ഇതിലേക്ക് പുറത്തുനിന്നുള്ളവര്‍ ഉത്തരം നല്‍കുകയായിരുന്നു. സംശയം തോന്നിയ ചില കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതോടെയാണ് പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം നടത്തി വേഗത്തില്‍ നടപടി സ്വീകരിച്ചത്.

കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടി പരീക്ഷക്ക് അവസരം ഒരുക്കിയിരുന്നു. അതിനാല്‍ ക്രമേക്കടുകള്‍ നടന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് സര്‍വകലാശാലയുടെ നീക്കം.