ഇരട്ടതലയുള്ള അപൂര്‍വ ഇനത്തില്‍പെട്ട പാന്പിനെ പിടികൂടി

പി.പി. ചെറിയാന്‍

ഫ്‌ലോറിഡ: ഇരട്ടതലയുള്ള അപൂര്‍വ ഇനത്തില്‍പെട്ട പാന്പിനെ പാം ഹാര്‍ബറില്‍നിന്നും ഫ്‌ലോറിഡ വൈല്‍ഡ് ലൈഫ് അധികൃതര്‍ പിടികൂടി. ബ്ലാക്ക് റേബേഴ്‌സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തില്‍പെടുന്ന ഇവ സംസ്ഥാനത്ത് സര്‍വസാധാരണമാണ്. ശരീരത്തില്‍ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാന്പന്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറഞ്ഞു.

ഇരു തലകളും യഥേഷ്ടം ചലിപ്പിക്കുവാന്‍ കഴിയുന്ന ഈ പാന്പിന് രണ്ടു തലച്ചോറുകള്‍ ഉള്ളതിനാല്‍ അധികം നാള്‍ ജീവിച്ചിരിക്കാന്‍ കഴിയില്ലെന്നാണ് വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. മാത്രവുമല്ല വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്നതിനാല്‍ ശരിയാംവണ്ണം ഇര തേടുന്നതിനോ, ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്നതിനോ ഇവയ്ക്ക് ആവില്ല.