ഡോ ആഗ്നസ് തേരാടി ഇനി ഫ്രാന്‍സിസ്‌കന്‍ ആല്ലയന്‍സ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടും സിസ്റ്റം ചീഫ് നേഴ്‌സിങ്ങ് ഓഫീസറുമായി നിയമിതയായി; ഈ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ഇന്ത്യാനയിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റത്തില്‍ ഒന്നായ ഫ്രാന്‍സിസ്‌ക്കന്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ മലയാളിയായ ഡോ ആഗ്നസ് തേരാടി. 12 ആശുപത്രികളും നിരവധി ക്ലിനിക്കുകളും അനുബന്ധ സ്ഥാപനങ്ങളുമായി ഇന്ത്യാന- ഇല്ലിനോയി സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഹെല്‍ത്ത് സിസ്റ്റത്തിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടും സിസ്റ്റം ചീഫ് നേഴ്‌സിങ്ങ് ഓഫിസറുമായാണ് ഡോ ആഗ്നസ് തേരാടി നിയമിതയായിരിക്കുന്നത്. 1600 ഓളം നേഴ്സുമാരുടെ പ്രവര്‍ത്തനങ്ങ്ള്‍ ഏകോപിച്ചുകൊണ്ടു, ഫ്രാന്‍സിസ്‌ക്കന്‍ ഹെല്‍ത്ത് സെന്‍ട്രല്‍ ഇന്ത്യാനയുടെ ചീഫ് നേഴ്‌സിങ്ങ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഡോ ആഗ്നസ്, 5000 ഓളം നേഴ്‌സുമാരടക്കം 18000 ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുതിയ പദവിയിലേക്ക് എത്തുന്നതോടെ, ഈ പദവിയിലേക്കെത്തുന്ന പ്രഥമ ഇന്ത്യന്‍ വംശജയാവുകയാണ്.
അമേരിക്കയിലെ ഇന്ത്യന്‍ നേഴ്സുമാരുടെ ദേശീയ സംഘടനയായ നൈന (National Association for Indian Nurses in America) യുടെ പ്രസിഡണ്ട് കൂടിയാണ് ഡോ ആഗ്നസ് തേരാടി. ഫ്രാന്‍സിസ്‌ക്കന്‍ ഹെല്‍ത്ത് സിസ്റ്റത്തിലേക്ക് എത്തുന്നതിന് മുന്‍പായി, അമേരിക്കയിലെ മൂന്നാമത്തെ വലിയ പബ്ലിക്ക് ഹെല്‍ത്ത് സിസ്റ്റം ആയ, ചിക്കാഗോ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തിന്റെ ചീഫ് നേഴ്‌സിങ്ങ് ഓഫിസറായും, കെന്റക്കിയിലെ വി എ മെഡിക്കല്‍ സെന്ററിലും ചിക്കാഗോ ജെസ്സീ ബ്രൗണ്‍ വി എ ഹോസ്പിറ്റലിലും അസോസിയേറ്റ് ചീഫ് നേഴ്‌സിങ്ങ് ഓഫിസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കന്‍ ആരോഗ്യരംഗത്ത് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനിക്കാവുന്ന പദവിയിലേക്ക് എത്തിയിരിക്കുന്ന ഡോ ആഗ്‌നസ് കേരളത്തില്‍ കൊല്ലം സ്വദേശിയാണ്. മുംബൈയിലെ SNDT വിമന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും നേഴ്‌സിങ്ങ് ബിരുദം കരസ്ഥമാക്കിയതിന് ശേഷം, അമേരിക്കയില്‍, നോര്‍ത്തേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി, ബെനഡിക്ക്‌ടൈന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. ചിക്കാഗോയിലെയും ന്യൂയോര്‍ക്കിലെയും വിവിധ ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോ ആഗ്‌നസ്, അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ്‌സ്‌ന്റെ ബോര്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം മോനിപ്പള്ളി സ്വദേശി മാത്യു തേരാടിയാണ് ഭര്‍ത്താവ്. ഏക മകള്‍ റോമാ തേരാടി സെന്റ് ലൂയിസില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു.