ഫ്രഞ്ച് പ്രസിഡന്റിന്റെ മനോനില പരിശോധിക്കണമെന്ന് തുര്‍ക്കി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍. മുസ്‌ലിംകളോടുള്ള നയങ്ങളുടെ പേരില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ മനോനില പരിശോധിക്കേണ്ടത് ആവശ്യമാണെന്നാണ് ഉറുദുഗാന്റെ വിമര്‍ശനം. ”മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൌരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക? ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍ ?” ഉറുദുഗാന്‍ പറഞ്ഞു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ മുസ്‌ലിം സമൂഹത്തോടുള്ള മാക്രോണിന്റെ നയങ്ങളാണ് തുര്‍ക്കി സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാമെന്ന് മാക്രോണ്‍ ഈ മാസം പറഞ്ഞിരുന്നു. ഫ്രാന്‍സില്‍ ചര്‍ച്ചിനെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുനിര്‍ത്തുന്ന 1905ലെ നിയമം ശക്?തമാക്കുന്നതിന്? ഡിസംബറില്‍ ബില്‍ അവതരിപ്പിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഫ്രാന്‍സില്‍ ഇപ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഹിജാബ് നിരോധമുണ്ട്. മാക്രോണിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു. അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം മുസ്ലീങ്ങളോട് പ്രതികാരപരമായ നടപടികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.