ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റ് വര്‍ക്ക് യു എ യില്‍

ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റ് വര്‍ക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ ഒന്നാമന്‍. സ്പീഡ് ടെസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ പ്രകാരം യുഎഇയിലെ ഇത്തിസാലാത്താണ് ഒന്നാമതെത്തിയത്. ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വേഗത അടിസ്ഥാനമാക്കി സ്പീഡ് സ്‌കോറുകള്‍ നല്‍കിയിരിയ്ക്കുന്നത്.

യുഎഇയിലെ ഇത്തിസാലാത്ത് 98.78 സ്‌കോര്‍ നേടിയാണ് ഒന്നമാതെത്തിയത്. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്‌സിലെ ടി-മൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോര്‍, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തിയത്.

എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനമാണ് ഉള്ളത്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗണ്‍ലോഡ് സ്പീഡ് 35.26 എംബിപിഎസ്സില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഡൗണ്‍ലോഡ് സ്പീഡ് 12.07 എംബിപിഎസ് മാത്രമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ശരാശരി ആഗോള അപ്ലോഡ് സ്പീഡ് 11.22 എംബിപിഎസ് ആണ്. ഇന്ത്യയിലിത് 4.3 എംബിപിഎസ് മാത്രം.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാന്‍ , നേപ്പാള്‍ എന്നിവ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. 102ാം സ്ഥാനത്തുള്ള ശ്രീലങ്കയില്‍ 19.95 എംബിപിഎസ് ആണ് വേഗം. 116ാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ 17.13 എംബിപിഎസ്സും, 117ാം സ്ഥാനത്തുള്ള നേപ്പാളില്‍ 17.12 എംബിപിഎസ് ആണ് മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്. ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഏറ്റവും വിലക്കുറവുള്ള വിപണി ഇന്ത്യയിലേതാണ്. 250 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും എന്നത് ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നില ഏറെ പരിതാപകരമാണ്.