സ്വര്‍ണക്കടത്ത് കേസ് പ്രതി റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകാനുണ്ടായിരുന്ന പ്രതികളില്‍ ഒരാളായ റബ്ബിന്‍സ് ഹമീദ് നെടുമ്പാശേരിയില്‍ അറസ്റ്റിലായി. യുഎഇ പൊലീസ് അറസ്റ്റുചെയ്ത റബ്ബിന്‍സിനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റബ്ബിന്‍സിനെ എന്‍ഐഎ അറസ്റ്റു ചെയ്തു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ ഒളിവിലായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞ രണ്ടു പേരില്‍ ഒരാളായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ റബ്ബിന്‍സ് ഹമീദ്. കഴിഞ്ഞ ദിവസമാണ് റബ്ബിന്‍സ് ഹമീദിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ത്യയ്ക്കു കൈമാറണമെന്ന് എന്‍ഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ദുബായ് പൊലീസ് റബ്ബിന്‍സ് ഹമീദിനെ കൈമാറിയത്. ഇന്നു വൈകിട്ട് 4.20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഹമിദീനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വര്‍ണം കടത്തിയ സംഭവത്തില്‍ റബ്ബിന്‍ ഹമീദിന് പങ്കുണ്ടെന്നാണ് എന്‍ഐഎ പുറതതിറക്കിയ പത്രകുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ പങ്ക് കണ്ടെത്തിയതെന്നും എന്‍ഐഎ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ റമീസ് കെ.ടി, ജലാല്‍ എ.എം എന്നിവരുമായി ചേര്‍ന്ന് ദുബായില്‍ റബ്ബിന്‍സ് ആസൂത്രണം നടത്തിയിരുന്നതായും എന്‍ഐ എ പറയുന്നു. ദുബായില്‍നിന്ന് സ്വര്‍ണം വാങ്ങി നല്‍കിയത് ഇവരാണ്. ഇതേത്തുടര്‍ന്ന് ഹമീദിനെതിരെ എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗൃഹോപകരണങ്ങളുടെ മറവില്‍ നയതന്ത്ര ബാഗേജിലൂടെ ഇയാള്‍ സ്വര്‍ണം കടത്തിയിരുന്നതായും എന്‍ഐഎ പറയുന്നു.