മലേഷ്യയില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

അനില്‍ കുന്നത്ത്

ക്വാലാലമ്പൂര്‍: മലയാള ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകവും സംസ്ഥാന സര്‍ക്കാരിന്റെ മലയാളി മിഷനും സഹകരിച്ച് നടത്തുന്ന മലയാളം ഓണ്‍ലൈന്‍ പാഠ്യപദ്ധതിയായ ‘അമ്മ മലയാളത്തിന്റെ’ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ഭാരവാഹികളായ പ്രിന്‍സ് പള്ളികുന്നേല്‍, ഡോ. ജെ രത്‌നകുമാര്‍, ജെയിംസ് കാളിയാനില്‍, പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഡോ. വിന്ദുജ മേനോന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന വിവിധ പ്രായത്തിലുള്ള പഠിതാക്കള്‍ക്ക് മലയാള ഭാഷ പഠിക്കുന്നതിന് വേണ്ട തരത്തില്‍ വിപുലമായ പാഠ്യ പദ്ധതിയാണ് മലയാളം മിഷന്‍ ഒരുക്കിയിരിക്കുന്നതെന്നു പ്രൊഫ. സുജ വിശദീകരിച്ചു.

ഉദ്ഘാടനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ രക്ഷിതാക്കളുടെയും പഠിതാക്കളുടെ യും സംശയങ്ങള്‍ക്ക് പ്രൊഫ. സുജ വിശദീകരണം നല്‍കി. വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലയാളം ഫോറം മലേഷ്യ ഘടകം ഭാരവാഹികളായ സുനു കുര്യന്‍ സ്വാഗതവും ഷിജു ഡാനിയേല്‍ നന്ദിയും പറഞ്ഞു.