സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവില്‍ എതിര്‍പ്പുമായി എന്‍ എസ് എസും ; എസ് എന്‍ ഡി പിയും

മുന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവില്‍ എതിര്‍പ്പുമായി എന്‍ എസ് എസും എസ് എന്‍ ഡി പിയും. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മൂന്ന് പ്രധാനപെട്ട കാര്യങ്ങളില്‍ തിരുത്ത് വേണമെന്നാണ് എന്‍എസ്എസ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ഒന്ന്, നിയമനം സംബന്ധിച്ചാണ്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ജാതി സംവരണത്തിന്റെ അതേ മാതൃക പാലിക്കണം. അതായത് ഒരു തസ്തികയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നേരിട്ട് മറ്റുള്ളവര്‍ക്ക് നിയമം നല്‍കുന്നത് അംഗീകരിക്കാനാവില്ല. അതേ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി കാത്തിരിക്കണം. ഉദ്യോഗാര്‍ത്ഥിയെ ലഭിച്ചില്ലെങ്കില്‍ രണ്ട് തവണയെങ്കിലും വിജ്ഞാപനം വീണ്ടും ഇറക്കി ഉദ്യോഗാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിക്കണം. അപ്പോഴും കഴിഞ്ഞില്ലെങ്കില്‍ മാത്രം പൊതു വിഭാഗങ്ങളില്‍ നിന്നുള്ളവരെ നിയമിക്കണമെന്നാണ് എന്‍എസ്എസ് നിര്‍ദ്ദേശിക്കുന്ന പ്രധാനപ്പെട്ട തിരുത്ത്.

ഉത്തരവ് നടപ്പാക്കിയതില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വിവേചനവും എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. 2020 ജനുവരി മൂന്ന് മുതല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യം വേണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. ആ കാലയളവില്‍ ഉള്ള നിയമന ഉത്തരവും ശുപാര്‍ശകളും പുതുക്കി ക്രമീകരിക്കണം. മുന്നോക്ക വിഭാഗങ്ങള്‍ക്ക് ഈ കാലയളവില്‍ നഷ്ടപ്പെട്ടു പോയിട്ടുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍, സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തുല്യനീതിക്ക് നിരക്കാത്തതാണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ അടിയന്തര മാറ്റം വേണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നാമത്തെ പ്രധാനപ്പെട്ട തിരുത്തല്‍ ആവശ്യപ്പെടുന്നത് സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കുന്ന ടേണ്‍ സംബന്ധിച്ചാണ്. നിലവിലെ ഉത്തരവ് പ്രകാരം ഒരു തസ്തികയില്‍ ഒമ്പത് ഒഴിവുണ്ടെങ്കില്‍ മാത്രമാണ് സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വരിക. 9, 19, 29 എന്നീ ക്രമത്തിലാണ് ടേണ്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് തിരുത്തി 3,11, 23, 35,47 എന്നീ ക്രമത്തില്‍ മാറ്റണമെന്നും എന്‍എസ്എസ് ആവശ്യപ്പെടുന്നു.

അതേസമയം മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഏതായാലും സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ മുഴുവന്‍ സംഘടനകളുടെയും കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.