വിവാഹം മുടക്കിയതിന് JCB ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തു സിനിമാ സ്‌റ്റൈലില്‍ പ്രതികാരം
കണ്ണൂര്‍ പ്ലാക്കുഴി സ്വദേശി ആല്‍ബിന്‍ ആണ് അയ്യപ്പനും കോശിയും സിനിമയിലെ പോലെ കടമുറികള്‍ ഇടിച്ചു നിരത്തിയത്. കണ്ണൂരിലെ മലയോര മേഖലയായ ചെറുപുഴയിലാണ് സംഭവം. തന്റെ 5 വിവാഹാലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് ആല്‍ബിന്‍ എന്ന യുവാവാണ് പുളിയാറു മറ്റത്തില്‍ സോജിയുടെ കട തകര്‍ത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞ ചെറുപുഴ പൊലീസ് ആല്‍ബിനേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടയുടമയായ സോജി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇവിടെ ഹോട്ടല്‍, പലചരക്ക് കട എന്നിവ നടത്തിയാണ് ഉപജീവനം കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. തന്റെ 5 വിവാഹാലോചനകള്‍ സോജി മുടക്കിയെന്ന് ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ സോജി ഈ ആരോപണം നിരാകരിച്ചു. കെട്ടിടം പൊളിഞ്ഞ് വീഴുന്നത് കണ്ട് ഓടിയെത്തിയവരെ ആല്‍ബിന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കടയിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും നശിച്ചു. യുവാവിന്റെ പേരില്‍ കേസെടുത്ത് JCB കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു.