ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്റെ വാദവും കേള്‍ക്കണമെന്ന് യൂട്യൂബര്‍ വിജയ് പി നായര്‍
തന്റെ ഭാഗം കൂടി കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യൂ ട്യൂബര്‍ വിജയ്.പി.നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഭാഗ്യലക്ഷ്മിയുടെയടക്കമുള്ളവരുടെ തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാട് ഐ.ടി ആക്ടില്‍ ഭേദഗതി വരുത്തിയത്. തന്റെ ലാപ്‌ടോപ്പും ഫോണും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്ന് വിജയ് പി. നായരുടെ ഹര്‍ജിയില്‍ പറയുന്നു.
താന്‍ സ്വമേധയാ ലാപ്‌ടോപ് നല്‍കിയെന്ന വാദം ശരിയല്ല. തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നു. മനപൂര്‍വം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി.നായരുടെ ഹര്‍ജിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് വിജയ് പി. നായര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.