ശിവശങ്കര്‍ കസ്റ്റഡിയില്‍ ; കുടുക്കിയത് വാട്‌സ് ആപ്പ് ചാറ്റുകള്‍

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തു. അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന.

ശിവശങ്കറിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആണ് കസ്റ്റഡിയില്‍ എടുത്തത്. സ്വപനയെ മുന്‍നിര്‍ത്തി ശിവശങ്കറാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്ന ഇഡിയുടേയും കസ്റ്റംസിന്റെയും വാദം അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്ട്‌സ് ആപ് ചാറ്റുകളാണ് ശിവശങ്കറിന് എതിരായുള്ള പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്.

അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ഇഡി കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ സ്വാധീനിക്കാന്‍ പിടിപ്പാടുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികളും വാദിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചിട്ടാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.