വഴക്കു പറഞ്ഞതിന് 17കാരന്‍ അച്ഛനെ കൊലപ്പെടുത്തി ; തെളിവ് നശിപ്പിക്കാന്‍ കുറ്റാന്വേഷണ സീരിയല്‍ തുടരെ കണ്ടു

വഴക്കു പറഞ്ഞ ദേഷ്യത്തിന് പതിനേഴുകാരന്‍ അച്ഛനെ അടിച്ചു കൊന്നു. തെളിവ് നശിപ്പിക്കാന്‍ പ്രമുഖ കുറ്റാന്വേഷണ സീരിയല്‍ ആയ ക്രൈം പട്രോള്‍ എന്ന സീരിയല്‍ നൂറു തവണയോളം കണ്ടു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയായ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 42കാരനായ മനോജ് മിശ്രയാണ് കൊല്ലപ്പെട്ടത്. വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിന് മകന്‍ അച്ഛനെ ഇരുമ്പു വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇസ്‌കോണില്‍ സംഭാവന കളക്ടറായി ജോലി നോക്കുകയായിരുന്നു മനോജ് മിശ്ര.

ബോധംകെട്ടപ്പോള്‍ തുണികൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മെയ് രണ്ടിനാണ് സംഭവം ഉണ്ടായത്. അതിനു ശേഷം അമ്മയുടെ സഹായത്തോടെ മൃതദേഹം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി പെട്രോളും ടോയ്ലറ്റ് ക്ലീനറും ഉപയോഗിച്ച് കത്തിച്ചു. മെയ് മൂന്നിന് ഭാഗികമായി പൊള്ളലേറ്റ മൃതദേഹം പൊലീസ് കണ്ടെത്തി. മൂന്നാഴ്ചയോളം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയതായി പൊലീസ് പറഞ്ഞു.

ഇസ്‌കോണ്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് മെയ് 27 ന് കുടുംബം മനോജ് മിശ്രയെ കാണാതായതായി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മനോജിന്റേതാണെന്ന് അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. മനോജ് പലപ്പോഴും ഭഗവദ്ഗീത പ്രസംഗിക്കാന്‍ പോകാറുണ്ടായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ നീണ്ട അഭാവത്തില്‍ സംശയമുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മനോജിന്റെ മകനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചു.

എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയും ഏത് നിയമത്തിലെ വ്യവസ്ഥകളിലാണ് അവര്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് പൊലീസിനോട് ചോദിക്കുകയും ചെയ്‌തെന്ന് മഥുര പൊലീസ് സൂപ്രണ്ട് ഉദയ് ശങ്കര്‍ സിംഗ് പറഞ്ഞു. സംശയം തോന്നിയതോടെയാണ് ഇയാളുടെ മൊബൈല്‍ പരിശോധിച്ചത്. അപ്പോഴായിരുന്നു ക്രൈം പട്രോള്‍ സീരിയല്‍ നൂറ് തവണയോളം കണ്ടതായി വ്യക്തമായത്. പല തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ സംഗീത മിശ്രയെയും അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനോജിന്റെ 11 വയസുള്ള മകളെ പൊലീസ് അപ്പുപ്പനേയും അമ്മൂമ്മയേയും ഏല്‍പ്പിച്ചു.