ലക്ഷ്മി ബോംബ് ; അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ്
റിലീസിന് തയ്യാറാകുന്ന അക്ഷയ് കുമാര്‍ നായകനായ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രം കൂടുതല്‍ വിവാദങ്ങളിലേയ്ക്ക്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന രംഗത്ത് വന്നു. ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച രജപുത് കര്‍ണി സേന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യ0 ഉന്നയിച്ച് അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ് അയച്ചിരിയ്ക്കുകയാണ് .
ദേവിയുടെ അന്തസ്സ് കുറയ്ക്കാനും ദേവിയോട് അനാദരവ് കാണിക്കാനും ഉദ്ദേശിച്ചാണ് ചിത്രത്തിന് ‘ലക്ഷ്മി ബോംബ്’ എന്ന തലക്കെട്ട് നിര്‍മ്മാതാക്കള്‍ നല്‍കിയതെന്നും പേര് നിര്‍മ്മാതാക്കള്‍ മന:പൂര്‍വ്വം ഉപയോഗിച്ചതാണെന്നും രജപുത് കര്‍ണി സേന ആരോപിച്ചു. ചിത്രത്തിന്റെ പേര് ഹിന്ദുമതത്തിലെ പ്രത്യയശാസ്ത്രം, ആചാരങ്ങള്‍, ദേവന്മാര്‍, ദേവതകള്‍ എന്നിവക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതായും ഇവര്‍ ആരോപിക്കുന്നു.
ലക്ഷ്മി ബോംബ് എന്ന ചിത്രം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി മുന്‍പേ തന്നെ രംഗത്ത് വന്നിരുന്നു. അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ലവ് ജിഹാദിനെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യവും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലുണ്ട് എന്നും സമിതി ആരോപിച്ചു. ‘ ചിത്രത്തിലെ നായകന്റെ പേര് ‘ആസിഫ്’, നായികയുടെ പേര് ‘പ്രിയ യാദവ്’ . മുസ്ലീം യുവാക്കളും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം പ്രദര്‍ശിപ്പിച്ച് ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണീത്. ചലച്ചിത്രകാരന്‍ ഷബീന ഖാനും എഴുത്തുകാരന്‍ ഫര്‍ഹാദ് സമാജിയുമാണ് ചിത്രത്തിനു പിന്നില്‍ . സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിരോധിക്കണം, ‘ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദീപാവലിക്ക് മുന്‍പായി നവംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ എന്നവകാശപ്പെടുന്ന ഈ ചിത്രം നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടിരുന്നു.