ലഹരിമരുന്ന് കേസ് : ബിനീഷ് കോടിയേരി അറസ്റ്റില്‍

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിന് രാവിലെ 11ഓടെയാണ് ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് എത്തിയത്.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസാണ് പ്രധാനമായും കണ്ടെത്താനുള്ളത്. ബിനീഷ് കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരില്‍ നിന്നും ബിസ്‌നസില്‍ പണം നിക്ഷേപിച്ചെന്ന് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരപ്പന അഗ്രഹാര ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു പ്രതിയായ അനൂപിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.

നേരത്തേ ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇഡിവീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഇരുപതോളം അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ 78 തവണ വിളിച്ചതിന്റെ രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മില്‍ 78 തവണ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുന്‍പ്, ആഗസ്റ്റ് 19ന് മാത്രം 5 തവണയാണ് ഇരുവരും വിളിച്ചത്.