കോവിഡ്-19 യൂറോപ്പില്‍ രണ്ടാം തരംഗം:ഫ്രാന്‍സ് വീണ്ടും ലോക്ക് ഡൗണിലേക്ക്
പാരിസ്: കൊറോണ വൈറസ് കേസുകള്‍ വീണ്ടും വര്‍ദ്ദിക്കുന്നതിനാലും മരണനിരക്ക് വീണ്ടും ഉയരുന്നതും കണക്കിലെടുത്ത് ഫ്രാന്‍സില്‍ ഉപാധികളോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ രാജ്യവ്യാപകമായാണ് ലോക്ക് ഡൗണ്‍ നിലവില്‍ വരിക.
വൈറസിന്റെ രണ്ടാമത്തെ തരംഗം ”ആദ്യത്തേതിനേക്കാള്‍ മാരകമായേക്കാമെന്ന്” ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് ദൈനംദിന മരണങ്ങള്‍ ഏപ്രില്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ബുധനാഴ്ച 36,437 പുതിയ കേസുകളും 244 മരണങ്ങളും സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച മുതല്‍ ഫ്രാന്‍സിലെ ആളുകള്‍ക്ക് അവശ്യ ജോലികള്‍ക്കോ മെഡിക്കല്‍ കാരണങ്ങള്‍ക്കോ, ഒരു മണിക്കൂര്‍ വ്യായാമം ചെയ്യാന്‍ മാത്രമേ വീട്ടില്‍ നിന്ന് പോകാന്‍ അനുവാദമുള്ളൂ. സ്‌കൂളുകളും കുഞ്ഞുകുട്ടികളുടെ സെന്ററുകളും തുറക്കുമെങ്കിലും ഡിസംബര്‍ 1 വരെ രാജ്യവ്യാപകമായി ലോക്ക്ഡ ഡൗണ്‍ നടപ്പാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. നിലവിലെ ശരാശരി 40,000ല്‍ നിന്ന് പ്രതിദിനം പുതിയ അണുബാധകള്‍ 5,000 ആയി കുറയുമ്പോള്‍ ലോക്ക്ഡൗണ്‍ നടപടികള്‍ ക്രമേണ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവ പോലുള്ള അവശ്യവസ്തുക്കള്‍ ലഭ്യമാകും. കഫേകളും റെസ്റ്റോറന്റുകളും ഷോപ്പുകളും അടയ്ക്കും. ആളുകള്‍ക്ക് അവരുടെ വീടിന് പുറത്ത് പോകാന്‍ അവരുടെ ആവശ്യം ന്യായീകരിക്കുന്ന രേഖാമൂലമുള്ള പ്രസ്താവന ഉണ്ടായിരിക്കണം.