ഓണക്കിറ്റ് വിവാദം ഒഴിയുന്നില്ല ; മുളകുപൊടിയില്‍ ബാക്ടീരിയ കണ്ടെത്തി

പപ്പടത്തിനും ശര്‍ക്കരയ്ക്കും പിന്നാലെ ഓണത്തിന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ മുളകുപൊടിയും ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഓണക്കിറ്റിലെ പപ്പടം വിതരണം ചെയ്ത കമ്പനി തന്നെയാണ് മുളകുപൊടിയും നല്‍കിയത്.

മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയില്‍ കണ്ടെത്തിയത്. കോന്നി സിഎഫ്ആര്‍ഡിയില്‍ പരിശോധിച്ച മുളകുപൊടി സാംപിള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ഓണക്കിറ്റിലെ വിതരണത്തിന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. ഈ ബാച്ചിലെ മുഴുവന്‍ പാക്കറ്റുകളും പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടും ഓണക്കിറ്റില്‍ ഇവയും ചേര്‍ത്താണ് നല്‍കിയതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുളകുപൊടിയുടെ പരിശോധന ഫലം വന്ന ഉടന്‍ തന്നെ ഡിപ്പോകളില്‍ നിന്നും ഔട്ടിലെറ്റുകളില്‍ നിന്നും ഇവ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഓണക്കിറ്റില്‍ ഇവ ഉള്‍പ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലേക്കാണ് ഈ മുളകുപൊടി നല്‍കിയത്.
അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വിതരണക്കാര്‍ക്കെതിരെ സപ്ലൈക്കോ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ അനാസ്ഥയാണ് നടന്നിരിക്കുന്നത് എന്ന പ്രതിപക്ഷ ആരോപണം ശക്തമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്.