കോഴിപ്പോര് തടയാന്‍ ശ്രമിച്ച പോലീസ് ഉധ്യോഗസ്ഥനെ കോഴി കുത്തിക്കൊന്നു
ഫിലിപ്പൈന്‍സിലാണ് സംഭവം നടന്നത്. കോഴിപ്പോര് തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് മേധാവി കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.വടക്കന്‍ സമര്‍ പ്രവിശ്യയിലെ മഡുഗാംഗ് ഗ്രാമത്തിലായിരുന്നു സംഭവം. പോലീസ് മേധാവി ലഫ്റ്റനന്റ് സാന്‍ ജോസ് ക്രിസ്റ്റ്യന്‍ ബൊലോക്കാണ് മരിച്ചത്. കോഴിയുടെ കാലില്‍ കെട്ടിയ റേസര്‍ ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള കത്തി കൊണ്ട് ഉദ്യോസ്ഥന്റെ കാലില്‍ ആക്രമിച്ചു. ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആളുകള്‍ കൂടിനില്‍ക്കുന്ന കോഴിപ്പോര് നടക്കുന്ന സ്ഥലം ഒഴിപ്പിക്കാനായാണ് പൊലീസ് ഉദ്യാഗസ്ഥന് സംഭവ സ്ഥലത്ത് എത്തിയത്. മുപ്പതുകാരനായ ബൊലോക്ക് കോഴിപ്പോര് നടക്കുന്ന സ്ഥലത്ത് നിന്നും ഒരു കോഴിയെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കോഴി കാലില്‍ ഘടിപ്പിച്ചിട്ടുള്ള ചെറിയ സ്റ്റീല്‍ ബ്ലേഡുകള്‍ കൊണ്ടും മുറിവേല്‍പ്പിക്കുകയായിരുന്നു.ഇടതു കാലില്‍ ഏറ്റ മുറിവ് ആര്‍ട്ടറിയില്‍ തട്ടിയാണ് മരണം സംഭവിച്ചതെന്ന് ഗവര്‍ണര്‍ എഡ്വിന്‍ ഒങ്ചുവാന്‍ പറഞ്ഞു.
കോഴിയുടെ കാലില്‍ കെട്ടിയ ബ്ലേഡില്‍ വിഷം തേച്ചിരിക്കാം എന്ന സംശയവും ഗവര്‍ണര്‍ പങ്കുവെച്ചു. കാലിന് ചുറ്റും ഒരു തുണി കെട്ടിയിട്ട് രക്തനഷ്ടം കുറയ്ക്കാന്‍ ബൊലോക്കോയും മറ്റ് ഉദ്യോഗസ്ഥരും കൂടി ശ്രമിച്ചുവെങ്കിലും അത് വിജയം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല രാജ്യങ്ങളിലും കോഴിപ്പോര് പോലുള്ള മത്സരങ്ങള്‍ നിരോധിച്ചിട്ടുണ്ട് എങ്കിലും നിയമ വിരുദ്ധമായി പല ഇടങ്ങളിലും ഇവ സംഘടിപ്പിക്കാറുണ്ട്. തമിഴ്‌നാട്ടിലും കഴിഞ്ഞ കൊല്ലം സമാനമായ രീതിയില്‍ കോഴിപ്പോരു നടക്കുന്നതിന്റെ ഇടയില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.