എം. ശിവശങ്കര്‍ അഞ്ചാം പ്രതി ; കസ്റ്റഡിയില്‍ വിട്ടു
എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അഞ്ചാം പ്രതി. ഇന്ന് കോടതി മുന്‍പാകെ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ശിവശങ്കറിനെ അഞ്ചാം പ്രതിയായി ചേര്‍ത്ത കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. ശിവശങ്കറിനെ കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് അഞ്ചാമതായി ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതുപോലെ രാവിലെ 9 മുതല്‍ വൈകിട്ട് 6 മണിവരെ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. അതിനുശേഷം വിശ്രമം അനുവദിക്കണം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും രണ്ടരമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. നടുവേദനയ്ക്ക് 14 ദിവസത്തെ ചികിത്സയിലായിരുന്നു താന്‍. ഒന്‍പത് ദിവസമായപ്പോഴായിരുന്നു അറസ്റ്റ്. കടുത്ത നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
കസ്റ്റഡി കാലത്ത് ആവശ്യമെങ്കില്‍ ശിവശങ്കറിന് ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഇത് ചോദ്യം ചെയ്യല്‍ തടസപ്പെടാതെ വൈകിട്ട് 6ന് ശേഷം ആകാം. ഡോക്ടറുടെ അടുത്ത് ശിവശങ്കറിനെ കൊണ്ടു പോകണം. അടുത്ത ബന്ധുക്കളെയും അഭിഭാഷകനെയും കാണാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.