ശിവശങ്കറിനെ കുടുക്കിയ 94ാമത്തെ ചോദ്യം ഏതാണെന്ന് അറിയാമോ?

കൊച്ചി: മൊത്തം 92.5 മണിക്കൂറുകളാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെ കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയവര്‍ ചോദ്യം ചെയ്തത്. സ്വപ്ന സുരേഷ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റിലായതോടെയാണ് കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്.

എന്നാല്‍ സ്വപ്നയുമായുള്ള ബന്ധം മറച്ചുവെക്കാതെ കാര്യങ്ങള്‍ തുറന്നുപറഞ്ഞാണ് ശിവശങ്കര്‍ ആദ്യഘട്ടത്തില്‍ ചോദ്യങ്ങളെ നേരിട്ടത്. പിന്നീടാണ് എന്‍ഐഐ, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ ശിവശങ്കറിനെ ചോദ്യം ചെയ്തു തുടങ്ങുന്നത്. കസ്റ്റംസ് 39 മണിക്കൂറും എന്‍ഐഎ 33.5 മണിക്കൂറും ഇഡി 20 മണിക്കൂറുമാണ് വിവിധ ദിവസങ്ങളിലായി ശിവശങ്കറിനെ ചോദ്യം ചെയ്തത്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 16 ശിവശങ്കറിനെ ചോദ്യം ചെയ്യാനെന്ന പേരില്‍ കാറില്‍ കയറ്റി കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 92 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ ഇഡിയുടെ 94ാമത്തെ ചോദ്യമാണ് ശിവശങ്കറിനെ കുരുക്കിയത്.

ചോദ്യം: , ‘സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോടു നിര്‍ദേശിച്ചിട്ടില്ല എന്നാണു താങ്കള്‍ മുമ്പു പറഞ്ഞത്. ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന എത്ര തുകയാണു വേണുഗോപാലിനു കൈമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു. ലോക്കര്‍ ഇടപാടുകള്‍ ഓരോന്നും വേണുഗോപാല്‍ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാല്‍, വേണുഗോപാല്‍ നല്‍കിയ മൊഴികളും നിങ്ങള്‍ തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും താങ്കളുടെ മൊഴികള്‍ വാസ്തവവിരുദ്ധമാണെന്നു തെളിയിക്കുന്നു.’

‘മുന്‍ ഉത്തരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്സാപ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോള്‍ പരിശോധിക്കാനായി വാട്സാപ് സന്ദേശങ്ങള്‍ എന്റെ ഫോണിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന വാദം പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയില്ല. ലോക്കര്‍ ഇടപാടുകള്‍ വേണുഗോപാല്‍ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്സാപ് സന്ദേശങ്ങള്‍.’