അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി

ബംഗളൂരു ലഹരി മരുന്ന് കേസില്‍ പിടിയിലായ മുഖ്യപ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷെന്നും ഇ.ഡി. അനൂപിന് ബിനീഷ് നല്‍കിയത് മൂന്നര കോടിയോളം രൂപ. സാമ്പത്തിക സ്‌ത്രോതസ് വെളിപ്പെടുത്താത്തതിനാലാണ് ബിനീഷിനെ കള്ളപ്പെണ നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്തത്. അനൂപ് മുഹമ്മദിനെ ഇ.ഡി കസ്റ്റഡിയില്‍ വാങ്ങിയേക്കില്ല.

കള്ളപ്പെണ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. നാലു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ബംഗളൂരു സിറ്റി സിവില്‍ കോടതി ഇ.ഡിയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ അനൂപ് മുഹമ്മദിനെ കസ്റ്റഡിയില്‍ ലഭിയ്ക്കാനുള്ള അപേക്ഷയും ഇ.ഡി നല്‍കും. രണ്ടു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത്, മൊഴികളിലെ വൈരുധ്യം പരിശോധിയ്ക്കും. ബംഗളൂരു കേന്ദ്രീകരിച്ച മയക്കുമരുന്ന് കേസ് അന്വേഷിയ്ക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.

ഇന്നലെയാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ ലഹരി മരുന്ന് വില്‍പനക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിലൂടെയാണ് സാമ്പത്തിക ഇടപാടില്‍ ബിനീഷിന്റെ പങ്ക് വ്യക്തമായത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് ആറുലക്ഷം രൂപ നല്‍കിയെന്ന ആദ്യ മൊഴി, തുടര്‍ ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദ് മാറ്റി.

20 അക്കൌണ്ടുകളില്‍ നിന്ന് അമ്പത് ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ടെന്നും ആരുടെ അക്കൌണ്ടുകളാണ് ഇതെന്ന് അറിയില്ലെന്നും ബിനീഷിനോട് മാത്രമാണ് പണം ആവശ്യപ്പെട്ടതെന്നും അനൂപ് ഇ.ഡിക്ക് മൊഴി നല്‍കി. ഇതിനുശേഷം ഒക്ടോബര്‍ 21ന് ബിനീഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. അനൂപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനായിരുന്നു ഇ.ഡി ബിനീഷിന് അന്ന് നോട്ടിസ് നല്‍കിയത്.