വാട്‌സ്ആപിന് പകരം ഇന്ത്യന്‍ സൈനികര്‍ക്ക് ഇനി സുരക്ഷിത മെസേജിംഗ് ആപ്പ് ‘സായ്’

സൈനികര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനും രഹസ്യങ്ങള്‍ ചോരാതിരിക്കാനും പുതിയ നീക്കവുമായി ഇന്ത്യന്‍ ആര്‍മി. ഇതിനായി സായ് എന്ന പേരില്‍ സ്വന്തം മെസേജിംഗ് ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആര്‍മി . വോയ്സ് നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. വാട്‌സ്ആപ്, ടെലഗ്രാം, സംവാദ്, ജിംസ് എന്നീ അപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് സായ്. സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തില്‍ ഉപയോക്താക്കളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ അപ്ലിക്കേഷന് സെക്യൂര്‍ അപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് (SAI) എന്നാണ് പേര്. CERT , ആര്‍മി സൈബര്‍ ഗ്രൂപ്പും ആപ്പ് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപ്ലിക്കേഷന്‍ പരിശോധിക്കുകയും ഇത് വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച സായ് ശങ്കറെ അഭിനന്ദിക്കുകയും ചെയ്തു.